സൗദിയിൽ ചൂടുകാല ഉച്ചവിശ്രമ നിയമം നാളെ മുതൽ പ്രാബല്യത്തിൽ
ഉച്ചക്ക് 12 മുതൽ വൈകിട്ട് മൂന്നു വരെ തുറസ്സായ സ്ഥലങ്ങളിൽ വെയിലേൽക്കുന്ന നിലയിൽ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്
റിയാദ്: സൗദിയിൽ ചൂട് വർധിച്ച സാഹചര്യത്തിൽ പുറത്ത് ജോലി ചെയ്യുന്നവർക്കുള്ള പ്രത്യേക വിശ്രമ നിയമം നാളെ മുതൽ പ്രാബല്യത്തിലാകും. ഇതുപ്രകാരം ഉച്ചക്ക് 12 മുതൽ 3 മണി വരെ വെയിലേൽക്കുന്ന ജോലികൾ ചെയ്യിക്കാൻ പാടില്ല. നിയമം ലംഘിച്ചാൽ പിഴശിക്ഷ നടപ്പാക്കും. ഇളവുള്ള സ്ഥാപനങ്ങൾക്കുള്ള നിബന്ധനകളും പ്രഖ്യാപിച്ചിട്ടുണ്ട്.
ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ നിയമം നിലവിലുണ്ടാവും. ഉച്ചക്ക് പന്ത്രണ്ടു മുതൽ വൈകിട്ട് മൂന്നു വരെ തുറസ്സായ സ്ഥലങ്ങളിൽ വെയിലേൽക്കുന്ന നിലയിൽ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കുന്നതിനാണ് മൂന്നു മാസത്തെ വിലക്ക്. തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും സംരക്ഷിക്കാനും അവരുടെ ഉൽപാദനക്ഷമത ഉയർത്താനുമാണ് മധ്യാഹ്ന വിശ്രമ നിയമം നടപ്പാക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി പറഞ്ഞിരുന്നു.
സൂര്യാഘാതം, ചൂടുമൂലമുള്ള ക്ഷീണം എന്നിവയിൽനിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്ന നിയമം ലംഘിച്ചിച്ചാൽ പിഴയുണ്ടാകും. എന്നാൽ ചില സ്ഥാപനങ്ങൾക്ക് ഇതിൽ ഇളവുണ്ട്. അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്ന തൊഴിലാളികൾക്കും പെട്രോളിയം, ഗ്യാസ് കമ്പനി ജീവനക്കാർക്കും മധ്യാഹ്ന വിശ്രമ നിയമം ബാധകമല്ല. ഈ വിഭാഗം തൊഴിലാളികൾക്ക് വെയിലിൽ ഏൽക്കാതിരിക്കാനുള്ള സംവിധാനവും നാളെ മുതൽ നടപ്പാക്കണം. നിയമം ലംഘിച്ചാൽ ഒരു തൊഴിലാളിക്ക് 3000 റിയാൽ വീതമെന്ന തോതിൽ പിഴ ഈടാക്കും. തൊഴിൽ സ്ഥാപനം നിയമം ലംഘിച്ചാൽ തൊഴിൽ വകുപ്പിന്റെ 19911 എന്ന നമ്പറിൽ വിളിച്ച് പരാതിപ്പെടാം.
Adjust Story Font
16