ഇന്ത്യന്‍ സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് തെരഞ്ഞെടുപ്പ്: മത്സര രംഗത്തേക്ക് കൂടുതൽ മലയാളികൾ
രക്ഷിതാക്കളെ നേരിൽ കണ്ടും വാട്ട്സ്ആപ്പ്, ഫേസ്ബുക്ക് ഉൾപ്പെടെ വിവിധ മാധ്യമങ്ങൾ വഴിയുമാണ് പ്രചരണങ്ങൾ നടക്കുന്നത്.
ഒമാനിലെ ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡ് തിരഞ്ഞെടുപ്പ് മത്സര രംഗത്തേക്ക് കൂടുതൽ മലയാളികൾ. ഡിസംബർ 16ന് ഉച്ചയ്ക്ക് ഒരു മണിവരെ നാമനിർദേശ പത്രിക ഇലക്ഷൻ കമ്മീഷൻ മുന്നിൽ സമർപ്പിക്കാനാവും.
തെരഞ്ഞെടുപ്പിലേക്ക് പത്രിക സമർപ്പിച്ചവരും അടുത്ത ദിവസങ്ങളിൽ സമർപ്പിക്കാനിരിക്കുന്നവരും പ്രചരണവും വോട്ടുറപ്പിക്കലും ആരംഭിച്ചു കഴിഞ്ഞു. രക്ഷിതാക്കളെ നേരിൽ കണ്ടും വാട്ട്സ്ആപ്പ്, ഫേസ്ബുക്ക് ഉൾപ്പെടെ വിവിധ മാധ്യമങ്ങൾ വഴിയുമാണ് പ്രചരണങ്ങൾ നടക്കുന്നത്.
നിധീഷ് കുമാർ, സിജു തോമസ്, ഷമീർ പി.ടി.കെ, ഡോ. സജി ഉതുപ്പാൻ, സാം ഫിലിപ്പ്, കൃഷ്‌ണേന്ദു എന്നിവരാണ് മത്സര രംഗത്തുള്ള മലയാളികൾ. നിലവിൽ ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡിൽ അംഗങ്ങളായ സിറാജ് നെഹ്‌ലാട്ട്, അംബുജാക്ഷൻ എന്നീ മലയാളികൾ ഇത്തവണ മത്സര രംഗത്തില്ല. എന്നാൽ, നിലവിലെ ബോർഡ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്കം, സയിദ് സൽമാൻ എന്നിവർ നാമനിർദേശ പത്രിക സ്വീകരിച്ചിട്ടുണ്ട്.
ഡിസംബർ 22ന് നാമനിർദേശ പട്ടികയുടെ സൂക്ഷ്മ പരിശോധന പൂർത്തിയാവും. ജനുവരി നാല് ഉച്ചയ്ക്ക് ഒരു മണി വരെയാണ് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന സമയം. സ്ഥാനാർഥികളുടെ അന്തിമ പട്ടിക ജനുവരി അഞ്ചിന് പുറത്തുവിടും. ജനുവരി 21ന് മസ്‌കത്ത് ഇന്ത്യൻ സ്‌കൂൾ ഹാളിലാണ് തെരഞ്ഞെടുപ്പ് നടക്കുക.
Adjust Story Font
16