റോബോട്ടിക്സില്‍ പുസ്തകവുമായി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍
ഇന്ത്യന്‍ അംബാസഡര്‍ പുസ്തകം പ്രകാശനം ചെയ്തു.
ദോഹ: റോബോട്ടിക്സിന്റെ ബാലപാഠങ്ങള്‍ പരിചയപ്പെടുത്തി ഖത്തറിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പുസ്തകം. ബിര്‍ള സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളായ ജയ് ആദിത്യ, നിഹാല്‍ ആഷിഖ്, ഹാനിഷ് അബ്ദുള്ള എന്നിവരാണ് പുസ്തകത്തിന് പിന്നില്‍. ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ പുസ്തകം പ്രകാശനം ചെയ്തു.
'ബികമിങ് എ മേക്കർ, ആൻ ഇൻട്രൊഡക്ഷൻ ടു ഹോബി റോബോട്ടിക്സ്' എന്ന പുസ്തകം റോബോട്ടിക്‌സിന്റെ മാസ്മരിക ലോകത്തേക്ക് കാലെടുത്തുവെക്കുന്ന പുതു തലമുറയ്ക്ക് ഒരു വഴികാട്ടിയാണ്. കൈനമാറ്റിക്‌സ്, സെൻസറുകൾ, ആക്ച്വേറ്ററുകൾ, പ്രോഗ്രാമിംഗ് ഭാഷകൾ തുടങ്ങി റോബോട്ടിക്സിന്റെ പ്രധാന തലങ്ങളിലേക്കെല്ലാം പുസ്തകം കടന്നു ചെല്ലുന്നു. കൗമാരക്കാരായ ജയ് ആദിത്യയും നിഹാൽ ആഷികും, ഹാനിഷ് അബ്ദുള്ളയും ഇതിനോടകം തന്നെ റോബോട്ടിക്‌സിന്റെ ലോകത്ത് വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്.
റോബോട്ടിക്‌സിൽ തൽപ്പരരായ സമപ്രായക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി പാനടെക്സ് എന്ന പേരില്‍ ഒരു ടെക് ഓർഗനൈസേഷനും ഇവര്‍ സ്ഥാപിച്ചിട്ടുണ്ട്. ഖത്തർ യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ നടക്കുന്ന മൈക്രോ-റോബോട്ടിക് ക്യാൻസർ ഗവേഷണ പ്രോജക്ടില്‍ ജയ് ആദിത്യയും നിഹാൽ ആഷിക്കും സഹഗവേഷകരായി നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പുസ്തകം ആമസോണിലും, കൂടാതെ വിവിധ ബ്രിക്ക് ആൻഡ് മോർട്ടാർ പുസ്തകശാലകളിലും വായനക്കാർക്ക് ലഭ്യമാവും.
ചെന്നൈ സ്വദേശിയാണ് ജയ് ആദിത്യ. നിഹാൽ ആഷിക് തൃശൂര്‍ സ്വദേശിയും കഹ്റാമ എഞ്ചിനീയറുമായ ആഷിക് മുഹ്‍യുദ്ദീന്റെ മകനാണ്. കുറ്റ്യാടി സ്വദേശിയും മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസ് സ്ഥാപകനുമായ ഡോക്ടര്‍ നൗഷാദ് സി.കെയുടെ മകനാണ് ഹാനിഷ് അബ്ദുള്ള.
Adjust Story Font
16