ജിദ്ദ പുസ്തകമേള ഇന്ന് അവസാനിക്കും; 900 ത്തിലധികം പ്രസിദ്ധീകരണാലയങ്ങൾ പങ്കെടുത്തു
ഡിസംബർ എട്ടിനാണ് സാഹിത്യ-പ്രസിദ്ധീകരണ-വിവർത്തന അതോറിറ്റി ജിദ്ദ പുസ്തകമേള ആരംഭിച്ചത്
സൗദിയിൽ പത്ത് ദിവസമായി നടന്ന് വരുന്ന ജിദ്ദ പുസ്തകമേള ഇന്ന് അവസാനിക്കും. സൗദിക്കകത്തും പുറത്തുമുള്ള സാംസ്‌കാരിക മേഖലയിലെ നിരവധി പ്രമുഖരുടെ സാന്നിധ്യത്തിൽ ഡിസംബർ എട്ടിനാണ് സാഹിത്യ-പ്രസിദ്ധീകരണ-വിവർത്തന അതോറിറ്റി ജിദ്ദ പുസ്തകമേള ആരംഭിച്ചത്. ലോകചരിത്രത്തിൽ ഇടംപിടിച്ച ജിദ്ദ സൂപ്പർ ഡോമിൽ നടന്ന് വരുന്ന മേള ഇന്ന് അവസാനിക്കും. 900-ലധികം പ്രാദേശിക, അറബ്, അന്തർദേശീയ പ്രസിദ്ധീകരണ സ്ഥാപനങ്ങൾ മേളയിൽ പങ്കെടുത്തു. രാജ്യത്തിനകത്തും പുറത്തുമുള്ള തൊള്ളായിരത്തിലധികം പ്രസിദ്ധീകരണാലയങ്ങൾ മേളയുടെ ഭാഗമായി. ജിദ്ദയിലെ ഗുഡ് വിൽ ഗ്ലോബൽ ഇനീഷിയേറ്റീവിന് കീഴിൽ നിരവധി മലയാളികൾ മേള സന്ദർശിച്ചു.
സ്വയം പ്രസിദ്ധീകരിച്ച എഴുത്തുകാരുടെ 400-ലധികം ശീർഷകങ്ങൾ, ഓഡിയോ ബുക്കുകൾക്കുള്ള പവലിയനുകൾ, ഡിജിറ്റൽ ലൈബ്രറി, കിഡ്സ് കോർണർ, പുസ്തക പ്രേമികളെ ഒന്നിപ്പിക്കുന്ന കഫേകൾ എന്നിവക്ക് പുറമെ പുരാതന കാലത്തെ ചരിത്ര ശേഷിപ്പുകളും സൌദിയുടെ ചരിത്രം വിശദീകരിക്കുന്ന പ്രത്യേക പ്രദർശനങ്ങളും മേളയുടെ ശ്രദ്ധയാകർഷിച്ചു. പുസ്തകോത്സവത്തിൽ പങ്കെടുക്കുന്നതിനും, ലോക ഗിന്നസ് റെക്കോഡിലിടംപിടിച്ച സൂപ്പർ ഡോമിന്‍റെ വിസ്മയങ്ങൾ ആസ്വദിക്കുന്നതിനുമായി മലയാളികളുൾപ്പെടെ നിരവധി പേരാണ് മേള കാണാനെത്തിയത്.
സമഗ്രവും വൈവിധ്യപൂർണവുമായ 100-ലധികം വരുന്ന വിവിധ സാംസ്കാരിക വൈജ്ഞാനിക പരിപാടികൾ മേളയുടെ ഭാഗമായി സംഘടിപ്പിച്ചു. പ്രാദേശികവും അന്തർദേശീയവുമായ രചയിതാക്കളുടെയും എഴുത്തുകാരുടെയും ശിൽപശാലകൾ, ഡയലോഗ് സെഷനുകൾ, കവിതാ സായാഹ്നങ്ങൾ, ജാപ്പനീസ് കാർട്ടൂണുകൾക്കായുള്ള കോമിക്സ് (ആനിമേഷൻ) തിയേറ്റർ, സ്റ്റോറി ടെല്ലേഴ്‌സ് കോർണർ, ഗെയിംസ് ഏരിയ, ഇൻട്രാക്ടീവ് ഷോകൾ എന്നിവയും മേളയുടെ ഭാഗമായി ഒരുക്കിയിരുന്നു. എന്നാണ് പ്രവാസി വനിതയായ റഹ്മത്ത് മുഹമ്മദ് ആലുങ്ങൽ മേളയെക്കുറിച്ച് അഭിപ്രായപ്പെട്ടത്.
സാധ്യമായ രീതിയിൽ എല്ലാ വിഭാഗത്തിലേക്കും പുസ്തകങ്ങളെത്തിക്കുക, പ്രസിദ്ധീകരണത്തിനും വിതരണത്തിനുമായി കൂടുതൽ ഔട്ട്‌ലെറ്റുകൾ സൃഷ്ടിക്കുക, പുസ്തക വ്യവസായത്തിലെ പ്രധാന പ്ലാറ്റ്‌ഫോമായി രാജ്യത്തെ മാറ്റുക എന്നിവയാണ് പുസ്തമേളയിലൂടെ അതോറിറ്റി ലക്ഷ്യമിടുന്നതെന്ന് ഷബീന ആബു പറഞ്ഞു.
Adjust Story Font
16