കുവൈത്തില്‍ കോവിഡ് ബാധിച്ചവരില്‍ 90 ശതമാനവും ബൂസ്റ്റർ ഡോസ് എടുക്കാത്തവരെന്ന് ആരോഗ്യവിദഗ്ധര്‍
വൈറസ് വകഭേദങ്ങളുടെ അപകട സാധ്യത കുറയ്ക്കാൻ എല്ലാവരും ബൂസ്റ്റർ വാക്സിൻ സ്വീകരിക്കണമെന്നും കുവൈത്ത് ആരോഗ്യമന്ത്രാലയം
കുവൈത്തിൽ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ 90 ശതമാനം പേരും ബൂസ്റ്റർ ഡോസ് വാക്സിൻ എടുക്കാത്തവരെന്നു ആരോഗ്യവിദഗര്‍. വൈറസ് വകഭേദങ്ങളുടെ അപകട സാധ്യത കുറയ്ക്കാൻ എല്ലാവരും ബൂസ്റ്റർ വാക്സിൻ സ്വീകരിക്കണമെന്നും ആരോഗ്യമന്ത്രാലയത്തിലെ വിവിധ ഡോക്ടര്‍മാർ അഭ്യർത്ഥിച്ചു .
കുവൈത്തിൽ കൊറോണ വൈറസിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ കണ്ടെത്തിയ ശേഷം രോഗികളുടെ എണ്ണത്തിൽ വലിയ കുതിപ്പാണ് രേഖപ്പെടുത്തിയത്. പ്രതിദിന കേസുകൾ റെക്കോർഡുകൾ ഭേദിച്ച് 5000ത്തിനു മുകളിൽ എത്തി. എന്നാൽ ഒന്നും രണ്ടും തരംഗങ്ങളെ അപേക്ഷിച്ച് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകാത്തതും മരണ സംഖ്യ കൂടാത്തതും ആശ്വാസത്തിന് വക നൽകുന്നതാണ്. വാക്സിനേഷൻ രംഗത്ത് രാജ്യം കൈവരിച്ച നേട്ടമാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
മൂന്നാം തരംഗം ആരോഗ്യ പ്രവർത്തകരെ സമ്മർദ്ദത്തിൽ ആക്കിയിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയത്തിലെ കോവിഡ് മാനേജ്‌മെന്‍റ് ടീമിന് നേതൃത്വം നൽകുന്ന ഡോ. ഹാഷിം അൽ ഹാഷെമി പറഞ്ഞു. പ്രായമായവർ നിത്യരോഗികൾ, പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവർ എന്നിവരാണ് ചികിത്സ തേടി എത്തിയവരിൽ ഏറെയും. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നവരിലും ബൂസ്റ്റർ ഡോസ് എടുത്തവരുടെ എണ്ണം കുറവാണ്. അതുകൊണ്ട് തന്നെയാണ് നിശ്ചിത സമയം പൂർത്തിയാക്കിയ എല്ലാവരും ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രാലയം ആവർത്തിച്ച് ആവശ്യപ്പെടുന്നത് .
Adjust Story Font
16