Quantcast

കുവൈത്ത് പാര്‍ലമന്റ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒരു വനിതക്കും നിരവധി സിറ്റിങ് അംഗങ്ങള്‍ക്കും വിജയം

ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ് വിജയികളെ കുവൈത്ത് അമീറും കീരിടവകാശിയും അഭിനന്ദിച്ചു

MediaOne Logo

Web Desk

  • Updated:

    2023-06-07 17:13:40.0

Published:

7 Jun 2023 5:10 PM GMT

Kuwait Parliament Election Results Announced, One woman and several sitting members won, Kuwait Parliament Election, Kuwait Election Results, latest gulf news
X

കുവൈത്ത് സിറ്റി: കുവൈത്ത് പാര്‍ലമന്റ് തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. അഞ്ചു മണ്ഡലങ്ങളില്‍ നിന്നായി 50 പാര്‍ലമെന്റ് അംഗങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്. 15 വനിതകൾ ഉൾപ്പെടെ 207 സ്ഥാനാർഥികളായിരുന്നു ദേശീയ അസംബ്ലിയില്‍ മത്സരരംഗത്ത് ഉണ്ടായിരുന്നത്. കഴിഞ്ഞ 27 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ സ്ഥാനാർത്ഥികളുടെ എണ്ണമാണിത്.കനത്ത ചൂടിലും മികച്ച പോളിങ്ങാണ് രാജ്യത്ത് രേഖപ്പെടുത്തിയത്.

തെരഞ്ഞെടുപ്പില്‍ 13 വനിതകള്‍ മത്സരിച്ചെങ്കിലും ജിനാൻ ബുഷഹരി മാത്രമാണ് വിജയിച്ച ഏക വനിതാ സ്ഥാനാർഥി. രണ്ടാം മണ്ഡലത്തിൽ നിന്നും മത്സരിച്ച സിറ്റിങ് എം. പി. ആയ ആലിയ അൽ ഖാലിദ് പരാജയപ്പെട്ടു. എന്നാല്‍ രണ്ടാം മണ്ഡലത്തില്‍ മത്സരിച്ച മുന്‍ സ്പീക്കര്‍ മർസൂഖ് അൽ ഗാനിമും മുന്നാം മണ്ഡലത്തില്‍ മത്സരിച്ച മുന്‍ സ്പീക്കര്‍ അഹ്മദ് അൽ സദൂനും മികച്ച വിജയങ്ങള്‍ നേടി.രാഷ്ട്രീയ അനിശ്ചിതത്വം അവസാനിച്ച് സുസ്ഥിര ജനായത്ത സംവിധാനത്തിന് വഴിയൊരുക്കാൻ പുതിയ തെരഞ്ഞെടുപ്പ് സഹായകമാകുമെന്ന പ്രതീക്ഷയിലാണ് സർക്കാറും ജനങ്ങളും. വിജയിച്ചവരില്‍ യുവാക്കള്‍ക്ക് പ്രാതിനിധ്യം വര്‍ദിച്ചത് നല്ല സൂചനയാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.

ദേശീയ അസംബ്ലയുടെ ആദ്യ സമ്മേളനം ജൂൺ 20 നടക്കും. ഇതിനുള്ള കരട് ഉത്തരവ് മന്ത്രിസഭ കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് കൈമാറി. തെരഞ്ഞെടുപ്പ് ഫലം വന്നതോടെ കുവൈത്ത് ഭരണഘടന പ്രകാരം നിലവിലുള്ള മന്ത്രിസഭ രാജിവെക്കും. ദേശീയ അസംബ്ലിയുടെ ആദ്യ സമ്മേളനത്തിന് മുമ്പ് പുതിയ മന്ത്രിസഭ രൂപവത്ക്കരിക്കും. അതിനിടെ, ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ് വിജയികൾക്ക് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ആശംസകൾ നേർന്നു. കുവൈത്ത് ജനതയുടെ വിശ്വാസം നേടിയതിന് എല്ലാ വിജയികളെയും അഭിനന്ദിക്കുന്നതായി അമീർ അറിയിച്ചു.വിജയികളെ കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹും അഭിനന്ദിച്ചു.ദേശീയ അസംബ്ലി വിജയികള്‍ക്ക് പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹും ആശംസകൾ അറിയിച്ചു.

TAGS :

Next Story