വാക്‌സിനേഷൻ പൂർത്തിയാക്കിയ വിദേശികൾക്ക് ഓഗസ്റ്റ് മുതൽ കുവൈത്തിലേക്ക് പ്രവേശനം
കുവൈത്ത് സർക്കാർ അംഗീകാരമുള്ള വാക്‌സിൻ പൂർത്തിയാക്കിയവർക്കാണ് പ്രവേശനം ലഭിക്കുക
വാക്‌സിനേഷൻ പൂർത്തിയാക്കിയ വിദേശികൾക്ക് ഓഗസ്റ്റ് മുതൽ കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കും. ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. കുവൈത്ത് സർക്കാർ അംഗീകാരമുള്ള വാക്‌സിൻ പൂർത്തിയാക്കിയവർക്കാണ് പ്രവേശനം ലഭിക്കുക.
മോഡേണ, ആസ്ട്ര സെനക, ഫൈസർ എന്നിവയുടെ രണ്ട് ഡോസ്, ജോൺസൺ ആൻഡ് ജോൺസൺ വാക്‌സിന്റെ സിംഗിൾ ഡോസ് എന്നിവയിൽ ഏതെങ്കിലും പൂർത്തിയാക്കിയവർക്കാണ് ഓഗസ്റ്റ് ഒന്ന് മുതൽ പ്രവേശനം അനുവദിക്കുക. ഇവർ 72 മണിക്കൂനുള്ളിലെടുത്ത പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. കുവൈത്തിലെത്തിയാൽ ഒരാഴ്ച ഹോം ക്വാറന്റൈനിൽ കഴിയണം. ക്വാറന്റൈൻ അവസാനിപ്പിക്കുന്നതിനുമുൻപും സിആർ പരിശോധന നടത്തണം.
ഇതോടൊപ്പം റെസ്റ്റോറന്റ്, സലൂണുകൾ, മാളുകൾ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായി പരിമിതപ്പെടുത്തിയതായും സർക്കാർ വക്താവ് താരിഖ് അൽ മസ്‌റം വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോപ്പറേറ്റീവ് സൊസൈറ്റികളെ ഈ നിബന്ധനയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഓഗസ്റ്റ് ഒന്നുമുതൽ വാക്‌സിൻ രണ്ട് ഡോസ് പൂർത്തിയാക്കാത്ത വിദേശികൾക്ക് വിസ പുതുക്കിനൽകില്ല.
വാണിജ്യ സ്ഥാപനങ്ങൾ രാത്രി എട്ടുമണിക്ക് അടയ്ക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്നും സർക്കാർ വക്താവ് താരിഖ് അൽ മുസ്റം അറിയിച്ചു. ജനിതക വകഭേദം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ ഏർപ്പെടുത്തിയ വിലക്കാണ് ഓഗസ്റ്റ് ഒന്നുമുതൽ ഒഴിവാക്കുന്നത്.
Adjust Story Font
16