അധ്യയന വർഷം ആരംഭിച്ചു; കുവൈത്തിൽ ഗതാഗതം നിരീക്ഷിക്കാൻ 270 ക്യാമറകൾ
ഗതാഗതക്കുരുക്കും അപകടങ്ങളും ഉടനടി തിരിച്ചറിയും
കുവൈത്ത് സിറ്റി: പുതിയ അധ്യയന വർഷം ആരംഭിച്ചതോടെ കുവൈത്തിൽ ഗതാഗതം നിരീക്ഷിക്കാൻ 270 നിരീക്ഷണ ക്യാമറകൾ പ്രവർത്തനക്ഷമമാക്കിയതായി ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടർ സെൻട്രൽ കൺട്രോൾ മാനേജ്മെന്റ് വിഭാഗം മേധാവി മേജർ എഞ്ചിനീയർ അലി അൽഖത്താൻ അറിയിച്ചു. ഗതാഗത അപ്‌ഡേറ്റുകൾ ലഭിക്കുന്നതിനും അപകടങ്ങൾ നിരീക്ഷിക്കുന്നതിനുമാണ് ക്യാമറകൾ സ്ഥാപിച്ചത്. വാഹനത്തിരക്ക് കൂടുതലുള്ള പ്രദേശങ്ങൾ നിരീക്ഷിക്കുന്നതിനും തിരക്ക് കണ്ടെത്തുന്നതിനും ക്യാമറകൾ സഹായകമാകും.
തത്സമയ നിരീക്ഷണത്തിലൂടെ ട്രാഫിക് സിഗ്‌നലുകളിൽ ആവശ്യമായ ക്രമീകരണം അനുവദിക്കാൻ കഴിയും. അതോടൊപ്പം പട്രോളിംഗ് സംഘത്തെ വേഗത്തിൽ ഇത്തരം കേന്ദ്രങ്ങളിൽ നിയോഗിക്കാൻ സാധിക്കുമെന്നും അൽ ഖത്താൻ പറഞ്ഞു. ഫിഫ്ത്ത് റിംഗ് റോഡ്, ഫഹാഹീൽ റോഡ്, കിംഗ് ഫഹദ് റോഡ് തുടങ്ങിയ എക്സ്പ്രസ് വേകളിൽ ഉയർന്ന ഗതാഗത സാന്ദ്രത അനുഭവപ്പെടുന്നുണ്ടെന്ന് മേജർ അൽഖത്താൻ പറഞ്ഞു.
Adjust Story Font
16