45-ാമത് ജി.സി.സി ഉച്ചകോടി സമാപിച്ചു
ഗസ്സയിലെ ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കണമെന്ന് ജിസിസി നേതാക്കൾ
കുവൈത്ത് സിറ്റി: ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി)യുടെ 45-ാമത് ഉച്ചകോടി കുവൈത്തിൽ സമാപിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ കുവൈത്ത് അമീർ അധ്യക്ഷത വഹിച്ചു. ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളും പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും ഉച്ചകോടിയിൽ ചർച്ച ചെയ്യപ്പെട്ടു.
ഗസ്സയിലെ ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കണമെന്ന് ജിസിസി നേതാക്കൾ ആവശ്യപ്പെട്ടു. ഗസ്സയിലെ യുദ്ധക്കുറ്റങ്ങളും സാധാരണക്കാരെ നിർബന്ധിതമായി കുടിയൊഴിപ്പിക്കുന്നതും ഉടൻ അവസാനിപ്പിക്കാനും ഫലസ്തീൻ പ്രദേശങ്ങളിലെ സയണിസ്റ്റ് അധിനിവേശം അവസാനിപ്പിക്കാനും ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) നേതാക്കളും പ്രതിനിധികളും ഞായറാഴ്ച ആഹ്വാനം ചെയ്തു. 1967 ജൂൺ മുതൽ ഇസ്രായേൽ കൈവശപ്പെടുത്തിയ എല്ലാ പ്രദേശങ്ങളിലും ഫലസ്തീൻ ജനതക്ക് പരമാധികാരമുണ്ടെന്നതിന് പൂർണ പിന്തുണ ഉറപ്പുനൽകുകയും കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കുവൈത്ത് ആതിഥേയത്വം വഹിച്ച 45-ാമത് ജിസിസി ഉച്ചകോടിയിൽ പുറത്തിറക്കിയ കുവൈത്ത് പ്രഖ്യാപനത്തിന്റെ ഭാഗമായാണ് പ്രസ്താവന.
സമ്പദ് വ്യവസ്ഥയുടെ വൈവിധ്യവത്കരണം വഴി മേഖലയിലെ വികസനം ത്വരിതപ്പെടുത്താൻ കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ആഹ്വാനം ചെയ്തു. ഫലസ്തീൻ ജനതയ്ക്കുള്ള ചരിത്രപരമായ പിന്തുണ ആവർത്തിച്ച കുവൈത്ത് അമീർ, നിരപരാധികളായ സാധാരണക്കാരെ സംരക്ഷിക്കാനും അടിയന്തര സഹായത്തിനായി സുരക്ഷിതമായ വഴികൾ തുറക്കാനും യുഎൻഎസ്സിയോട് അഭ്യർത്ഥിച്ചു.
സാമ്പത്തിക സുസ്ഥിരത കൈവരിക്കാൻ ഏകീകൃത നയങ്ങളും പാരമ്പര്യേതര വരുമാനവും പ്രധാനമാണ്. സാമ്പത്തിക രംഗത്തെ മത്സരക്ഷമത വർധിപ്പിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ള നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിക്കണമെന്നും അമീർ പറഞ്ഞു.
ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽതാനി, സൗദി അറേബ്യ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ, ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്‌യാൻ, ഒമാൻ ഉപപ്രധാനമന്ത്രി ഫഹദ് ബിൻ മഹ്‌മൂദ് അൽ സൈദ് എന്നിവർ ഉച്ചകോടിയിൽ പങ്കെടുത്തു.
ഫലസ്തീൻ ആക്രമണം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം നിർണായക ഇടപെടലുകൾ നടത്തണമെന്ന് ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി ആവശ്യപ്പെട്ടു.
ഉച്ചകോടിയിൽ സംയുക്ത പ്രവർത്തനം, മേഖലയിലെ സുരക്ഷ, സാമ്പത്തിക ഏകീകരണം എന്നീ വിഷയങ്ങൾ ചർച്ച ചെയ്തു. ഗൾഫ് മേഖലയെ അന്താരാഷ്ട്ര ബിസിനസ്, സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സ്ഥാനം വർധിപ്പിക്കണം.
സുസ്ഥിരമായ സാമ്പത്തിക വൈവിധ്യവൽക്കരണ ശ്രമങ്ങൾ തുടരാനും ഡിജിറ്റലൈസേഷൻ വർധിപ്പിക്കാനുള്ള നിർദ്ദേശങ്ങളും ജിസിസി ഉച്ചകോടിയിൽ ചർച്ചയായി. ഗൾഫ് പൈതൃകം കാത്തുസൂക്ഷിക്കുന്നതിനായി സ്ത്രീകളെ ശാക്തീകരിക്കാനും യുവാക്കൾ, സർവകലാശാലകൾ, ഗവേഷണ കേന്ദ്രങ്ങൾ എന്നിവയുടെ പങ്ക് വർധിപ്പിക്കാനുമുള്ള താൽപ്പര്യവും സമിറ്റ് മുന്നോട്ട് വെച്ചു.
Adjust Story Font
16