നിരോധിത സമയത്ത് ഓർഡർ വിതരണം: കുവൈത്തിൽ 53 ഡെലിവറി ബൈക്കുകൾ പിടിച്ചെടുത്തു
കഴിഞ്ഞ ദിവസം 90 ഹോം ഡെലിവറി ബൈക്കുകൾ കണ്ടുകെട്ടിയിരുന്നു
കുവൈത്ത് സിറ്റി: കുവൈത്തിൽ തുടർച്ചയായ രണ്ടാം ദിവസവും നിയമം ലംഘിച്ച് നിരത്തിലിറങ്ങിയ ഡെലിവറി ബൈക്കുകൾ പിടിച്ചെടുത്തു. നിരോധിത സമയത്ത് സമയങ്ങളിൽ ഉപഭോക്തൃ ഓർഡറുകൾ വിതരണം നടത്തിയതിന് 53 ഡെലിവറി ബൈക്കുകളാണ് ഇന്നലെ പിടിച്ചെടുത്തത്. അറബ് ടൈംസ് ഓൺലൈൻ.കോമാണ് സംഭവം റിപ്പോർട്ട് ചെയ്തത്.
ജോലി സമയനിയമം ലംഘിച്ച് നിരത്തിലിറങ്ങിയതിന് കഴിഞ്ഞ ദിവസം 90 ഹോം ഡെലിവറി ബൈക്കുകൾ കണ്ടുകെട്ടിയിരുന്നു. രാവിലെ 11:00 മുതൽ വൈകുന്നേരം 4:00 വരെ റോഡുകളിൽ മോട്ടോർബൈക്കുകളുടെ നിരോധനം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ഹോം ഡെലിവറി കമ്പനികളെ ലക്ഷ്യമിട്ട് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് നടത്തിയ ട്രാഫിക് കാമ്പയിനെ തുടർന്നാണ് നടപടികൾ. കാമ്പയിനിടെ, സുരക്ഷാ ഉദ്യോഗസ്ഥർ നിയമലംഘകരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
കുവൈത്തിൽ ജൂൺ മുതൽ ആഗസ്ത് വരെയുള്ള മാസങ്ങളിൽ രാവിലെ 11:00 മുതൽ വൈകിട്ട് 4:00 വരെ തുറസ്സായ സ്ഥലങ്ങളിൽ ജോലിചെയ്യുന്നതിന് വിലക്കുണ്ട്. ആഗസ്ത് 31 വരെ നിയന്ത്രണം നിലവിലുണ്ടാവും. എല്ലാ ഗൾഫ് രാജ്യങ്ങളിലും ഉച്ചവിശ്രമ നിയമം പ്രാബല്യത്തിലുണ്ട്. നിയമം ലംഘിക്കുന്ന കമ്പനിക്ക് ആദ്യം മുന്നറിയിപ്പ് നൽകുകയാണ് ചെയ്യുക. തുടർന്നും നിയമലംഘനം കണ്ടെത്തിയാൽ ജോലി ചെയ്യുന്ന ഓരോ തൊഴിലാളിക്കും 100 ദീനാർ മുതൽ 200 ദിനാർ വരെ പിഴ ചുമത്തും. തുടർന്ന് കമ്പനിയുടെ ഫയൽ തുടർ നടപടികൾക്കായി തെളിവെടുപ്പ് വിഭാഗത്തിന് കൈമാറുകയാണ് ചെയ്യുക.
Adjust Story Font
16