കലയുടെ ആഘോഷമായി യൂത്ത് ഇന്ത്യ ഇസ് ലാമിക് ഫെസ്റ്റിന് വര്‍ണ്ണാഭമായ സമാപനം
യൂത്ത് ഇന്ത്യ രക്ഷാധികാരിയും കെ.ഐ.ജി പ്രസിഡന്റുമായ പി.ടി. ശരീഫ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു
കുവൈത്ത് സിറ്റി: യൂത്ത് ഇന്ത്യ കുവൈത്ത്, ശിഫാ അൽ ജസീറയുമായി സഹകരിച്ച് സംഘടിപ്പിച്ച ' ഇസ്‌ലാമിക് ഫെസ്റ്റ്' സമാപിച്ചു. കുട്ടികൾക്കും മുതിർന്നവർക്കുമായി വ്യത്യസ്ത വിഭാഗങ്ങളായി സംഘടിപ്പിച്ച മേളയിൽ 700 ൽ അധികം മത്സരാർത്ഥികൾ പങ്കെടുത്തു. കുട്ടികൾക്കും മുതിർന്നവർക്കും ആവേശം പകർന്ന് അബ്ബാസിയ ആസ്‌പെയർ ഇന്ത്യൻ ഇന്റർനാഷനൽ സ്‌കൂളിൽ നടന്ന മേളയിൽ അബ്ബാസിയ സോൺ ഒന്നാം സ്ഥാനവും ഫഹാഹീൽ സോൺ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
യൂത്ത് ഇന്ത്യ രക്ഷാധികാരിയും കെ.ഐ.ജി പ്രസിഡന്റുമായ പി.ടി. ശരീഫ് ഉദ്ഘാടനം ചെയ്തു. യൂത്ത് ഇന്ത്യ പ്രസിഡൻറ് സിജിൽ ഖാൻ അധ്യക്ഷനായിരുന്നു. സിനിമ പിന്നണി ഗായിക ദാനാ റാസിഖ് മുഖ്യാതിഥിയായി പങ്കെടുത്തു. ഷിഫാ അൽ ജസീറ ഓപ്പറേഷണൽ ഹെഡ് അസീം സേട്ട് സുലൈമാൻ പരിപാടിക്ക് ആശംസകൾ നേർന്നു. 10 സ്റ്റേജുകളിലായി അരങ്ങേറിയ മത്സരത്തിൽ കുവൈത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിഭകൾ പങ്കെടുത്തു.
ഖുർആൻ പാരായണം, ഹിഫ്‌ള്, ബാങ്ക് വിളി, പ്രസംഗം, ഗാനം, സംഘഗാനം, ഒപ്പന, ടാബ്ലോ, കോൽക്കളി തുടങ്ങി വിവിധ മത്സരങ്ങൾ കാണികളെ ഏറെ ആകർഷിച്ചു. വിജയികൾക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. യൂത്ത് ഇന്ത്യ ഭാരവാഹികളായ ഹഷീബ്, മുഹമ്മദ് യാസിർ, മഹ്നാസ്, സൽമാൻ, അഷ്ഫാക്, സിറാജ്, അകീൽ, റമീസ്, മുക്‌സിത്, ഉസാമ, ജുമാൻ, ജവാദ്, ബാസിൽ എന്നിവർ മേളക്ക് നേതൃത്വം നൽകി.
Adjust Story Font
16