അധിക സർവീസ് ചാർജ്; ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫീസുകളിൽ പരിശോധന ശക്തമാക്കി കുവൈത്ത്
ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്ക് ഏകദേശം 750 ദിനാറും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് 575 ദിനാറുമാണ് ചാർജ്
കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫീസുകളിലെ പരിശോധന ശക്തമാക്കി കുവൈത്ത് വാണിജ്യ മന്ത്രാലയം. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നടന്ന പരിശോധനയിൽ അധിക സർവീസ് ചാർജ്ജുകൾ ഈടാക്കിയ ഓഫീസുകൾ കണ്ടെത്തിയതായി മന്ത്രാലയം അറിയിച്ചു. വിപണിയിൽ സുതാര്യത വർദ്ധിപ്പിക്കുന്നതിൻറെ ഭാഗമായാണ് പരിശോധന ശക്തമാക്കിയത്.
ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് നിരക്കുകൾ നേരത്തെ സർക്കാർ പ്രസിദ്ധീകരിച്ചിരുന്നു. ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്ക് ഏകദേശം 750 ദിനാറും, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് 575 ദിനാറുമാണ് സർക്കാർ നിരക്ക്. ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫീസുകൾ രാജ്യത്തെ ചട്ടങ്ങളും നിയമങ്ങളും പാലിക്കണം. അനധികൃതമായി വില വർദ്ധിപ്പിച്ചാൽ ശക്തമായ നിയമ നടപടികളും പിഴയും ചുമത്തുമെന്ന് അധികൃതർ പറഞ്ഞു.
നിലവിൽ രാജ്യത്ത് 48 റിക്രൂട്ട്മെന്റ് ഓഫീസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കഴിഞ്ഞ മാസം നടത്തിയ പരിശോധനയിൽ നാല് ഓഫീസ് ലൈസൻസുകൾ റദ്ദാക്കുകയും അറുപതോളം പുതിയ ലൈസൻസുകൾ നൽകുകയും ചെയ്തതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ വ്യക്തമാക്കി. ഈ കാലയളവിൽ റിക്രൂട്ട്മെന്റ് ഓഫീസുകൾക്കെതിരെ 377 പരാതികൾ ലഭിച്ചതായും അതോറിറ്റി അറിയിച്ചു.
Adjust Story Font
16