Quantcast

കുവൈത്തിൽ പൊതുമാപ്പ് അവസാനിക്കാൻ ഇനി ഒമ്പത് ദിവസം മാത്രം

പൊതുമാപ്പ് ഉപയോഗിക്കാതെ രാജ്യത്ത് തുടരുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി

MediaOne Logo

Web Desk

  • Updated:

    2024-06-09 05:44:22.0

Published:

8 Jun 2024 3:07 PM GMT

More than 65,000 people took advantage of the amnesty in Kuwait
X

കുവൈത്ത് സിറ്റി: കുവൈത്തിൽ പൊതുമാപ്പ് അവസാനിക്കാൻ ഇനി ഒമ്പത് ദിവസം മാത്രം. ആനുകൂല്യം ഉപയോഗിക്കാതെ രാജ്യത്ത് തുടരുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പെരുന്നാൾ അവധി വരുന്നതിനാൽ ജൂൺ 13-നകം തന്നെ പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്ന ഇന്ത്യക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഇന്ത്യൻ എംബസ്സി അധികൃതർ അറിയിച്ചു.

ഇതുവരെ 35,000 പേർ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. മാർച്ച് 17 മുതൽ ആരംഭിച്ച മൂന്ന് മാസത്തെ സമയപരിധി ജൂൺ 17ന് അവസാനിക്കും. രാജ്യത്ത് താമസിക്കുന്ന താമസ നിയമ ലംഘകർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനോ ഫൈൻ അടച്ച് താമസം നിയമവിധേയമാക്കാനോ അവസരമൊരുക്കിയാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. സാധുതയുള്ള രേഖകൾ കൈവശമുള്ളവർ നേരിട്ട് റസിഡൻസ് വകുപ്പിനെ സമീപിച്ച് നടപടികൾ പൂർത്തിയാക്കണം. രേഖകൾ ഇല്ലാത്തവർ അതതു രാജ്യത്തെ എംബസികളിൽ നിന്ന് ഔട്പാസ് ശേഖരിച്ച് റസിഡൻസ് വകുപ്പിൽ എത്തണം.

സർക്കാർ പ്രഖ്യാപിച്ച അവസരം പ്രയോജനപ്പെടുത്തണമെന്നും, പൊതുമാപ്പ് കാലാവധിക്കുശേഷവും താമസരേഖകൾ ശരിയാക്കാതെ രാജ്യത്ത് കഴിയുന്നവർക്ക് കനത്ത പിഴയും മറ്റു നിയമനടപടികളും നേരിടേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരക്കാർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തും. എന്നാൽ രേഖകൾ ശരിയാക്കി നാട്ടിലേക്ക് തിരികെ പോകുന്നവർക്ക് പുതിയ വിസയിൽ രാജ്യത്തേക്ക് വരാമെന്ന് അധികൃതർ പറഞ്ഞു.

സാമ്പത്തിക കേസുകളിൽ പെട്ട് യാത്രാ വിലക്കു നേരിടുന്നവർക്ക് കേസിൽ തീർപ്പുണ്ടാവുകയും നോ ഒബ്ജക്ഷൻ നേടുകയും സർട്ടിഫിക്കറ്റ് നേടുകയും ചെയ്താൽ മാത്രമേ പൊതുമാപ്പ് പ്രയോജനപ്പെടുത്താനാകൂ. നേരത്തെ പൊതുമാപ്പ് കാലാവധി നീട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് നിലവിൽ ഒരു ലക്ഷത്തിലേറെ അനധികൃത താമസക്കാരുണ്ടെന്നാണ് കണക്ക്. പൊതുമാപ്പ് കാലയളവ് ജൂൺ 17ന് അവസാനിക്കുന്നതോടെ താമസ ലംഘനക്കാർക്കെതിരെ കർശന പരിശോധനാ ക്യാമ്പയിൻ ആരംഭിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

TAGS :

Next Story