വിവാഹ വാഗ്ദാനം നൽകി തട്ടിപ്പ്: പ്രവാസി വനിതക്ക് നഷ്ടമായത് 78,000 കുവൈത്ത് ദിനാർ
30 കാരനാണ് 50 കാരിയിൽനിന്ന് പല തവണയായി പണം കൈക്കലാക്കിയത്
കുവൈത്ത് സിറ്റി: കുവൈത്തിൽ വിവാഹ വാഗ്ദാനം നൽകിയുള്ള തട്ടിപ്പിൽ പ്രവാസി വനിതക്ക് 78,000 കുവൈത്ത് ദിനാർ നഷ്ടമായി. 30 കാരനാണ് 50 കാരിയിൽനിന്ന് പല തവണയായി പണം കൈക്കലാക്കിയത്. പ്രതി വൻ തുക കൈപ്പറ്റിയതിനുള്ള തെളിവടക്കമാണ് വനിത പരാതി നൽകിയത്. അന്വേഷണത്തിനായി കേസ് ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന് കൈമാറി. അറബ് ടൈംസാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തത്.
പ്രതിയും താനും തമ്മിൽ ഇഷ്ടത്തിലായിരുന്നുവെന്നും അയാൾ തന്നോട് വിവാഹാഭ്യർത്ഥന നടത്തിയിരുന്നതായും 50 കാരിയായ സ്ത്രീ ഹവല്ലി, ഷാബ് പൊലീസ് സ്റ്റേഷനുകളിൽ നൽകിയ പരാതിയിൽ പറഞ്ഞതായി സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നും അത് പരിഹരിക്കാൻ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുകയുമായിരുന്നുവെന്നും അവർ പറഞ്ഞു. താമസിയാതെ വിവാഹം കഴിക്കാമെന്നും പണം തിരികെ നൽകാമെന്നും വാഗ്ദാനവും നൽകി.
പല തവണകളായി 78,000 ദിനാർ വാങ്ങിയ പ്രതി പണം തിരികെ നൽകാനോ വിവാഹവുമായി മുന്നോട്ട് പോകാനോ തയ്യാറായില്ല. ഇതോടെയാണ് വനിത കേസ് നൽകിയത്.
Adjust Story Font
16