കുവൈത്തിൽ ആഭ്യന്തര റെയിൽപാത പദ്ധതിയുടെ ആദ്യഘട്ടത്തിന് അനുമതി
റെയില്‍ പാത വരുന്നതോടെ യാത്രയും ചരക്കു നീക്കവും എളുപ്പമാകും
കുവൈത്ത് സിറ്റി: കുവൈത്തില്‍ ആഭ്യന്തര റെയിൽപാത പദ്ധതിയുടെ ആദ്യഘട്ടത്തിന് അനുമതി ലഭിച്ചതായി റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ട് പബ്ലിക് അതോറിറ്റി അറിയിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ അടുത്ത ദിവസങ്ങളില്‍ തന്നെ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
റെയില്‍ പദ്ധതിക്കായി പത്ത് ലക്ഷം ദിനാര്‍ ധനമന്ത്രാലയം വകയിരുത്തിയിട്ടുണ്ട് . നിലവില്‍ ഗൾഫ് റെയിൽ പദ്ധതിക്കായി നടത്തിയ പഠനങ്ങള്‍ ഉണ്ടെങ്കിലും പുതിയ സാഹചര്യത്തില്‍ ആവശ്യമായ പരിഷ്കരണങ്ങൾ വരുത്തിയേക്കുമെന്നാണ് സൂചനകള്‍. സർക്കാരിന്റെ അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്ത് പഠനം നടത്തിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുക. രാജ്യത്തെ റെയിൽ പാത പൂര്‍ത്തിയാകുന്നതോടെ യാത്രയും ചരക്കു നീക്കവും എളുപ്പമാക്കുകയും ചെലവു കുറയ്ക്കുകയും ചെയ്യും.
നേരത്തെ സൗദിയില്‍ നിന്നും കുവൈത്തിലെ ഷദ്ദിയ പ്രദേശവുമായി ബന്ധിപ്പിച്ചുള്ള റെയില്‍വേ പാതക്കും സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.നാലര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുന്ന പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി പഠനവും രൂപരേഖയും തയ്യാറായതായതായും നിര്‍മ്മാണ ചുമതല പബ്ലിക് റോഡ്സ് അതോറിറ്റിക്ക് നല്‍കിയതായും കുവൈത്ത് റോഡ്സ് ആന്‍ഡ് ലാന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി മേധാവി ഹുസൈന്‍ അല്‍ ഖയാത്ത് പറഞ്ഞു.
ജി.സി.സി അംഗരാജ്യങ്ങളിലെ വാണിജ്യ സഞ്ചാരം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗള്‍ഫ് റെയില്‍വേ പദ്ധതിക്ക് രൂപം നല്‍കിയത്. 2,117 കിലോമീറ്ററാണ് ജിസിസി റയില്‍വേയുടെ ആകെ ദൂരം. ഗള്‍ഫ് രാജ്യങ്ങൾ അതത് മേഖലകളിലെ ജോലി പൂർത്തീകരിച്ച് ആദ്യഘട്ടം 2018ൽ യാഥാർഥ്യമാക്കാനായിരുന്നു ആദ്യതീരുമാനമെങ്കിലും എണ്ണവിലയിടിവും കോവിഡും കാരണം കൂടുതല്‍ മുന്നോട്ടുപോകാനായിരുന്നില്ല.
Adjust Story Font
16