തെരഞ്ഞെടുപ്പ് ജനറൽ കമ്മീഷനിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള ബില്ലിന് അംഗീകാരം
കുവൈത്തില്‍ തെരഞ്ഞെടുപ്പ് ജനറൽ കമ്മീഷനിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള ബില്ലിന് അംഗീകാരം. ഇന്നലെ ചേർന്ന അസാധാരണ സമ്മേളനത്തിലാണ് പാര്‍ലിമെന്റ് ബില്ലിന് അംഗീകാരം നൽകിയത്.
62 പാര്‍ലിമെന്റ് അംഗങ്ങളില്‍ 59 എം.പിമാർ അനുകൂലിച്ചും മൂന്ന് പേർ എതിർത്തും വോട്ട് ചെയ്തു. കമ്മീഷന്‍ രൂപീകരിക്കുന്നതോടെ തിരഞ്ഞെടുപ്പ് പട്ടിക തയ്യാറാക്കൽ, നാമനിർദ്ദേശ പത്രികകൾ സ്വീകരിക്കൽ,സൂക്ഷ്മ പരിശോധന , തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നിയമങ്ങൾ ക്രമീകരിക്കൽ, ഫണ്ടിംഗ്, പ്രചാരകർക്കായി മാധ്യമങ്ങളിൽ സമയം വ്യക്തമാക്കൽ എന്നിവയെല്ലാം ഇനി കമ്മീഷന്റെ ചുമതലയാകും.
തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഉണ്ടാകാവുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള ശിപാർശകൾ അവതരിപ്പിക്കാനും വോട്ടർമാർ, നോമിനികൾ, ഉൾപ്പെട്ട സംഘടനകൾ എന്നിവരിൽ നിന്ന് പരാതികൾ സ്വീകരിക്കാനും, സംശയാസ്പദമായ കുറ്റകൃത്യങ്ങളിൽ പബ്ലിക് പ്രോസിക്യൂഷനെ അറിയിക്കാനും കമ്മിഷന് അധികാരമുണ്ട്.
ഇതോടപ്പം തെരഞ്ഞെടുപ്പിന്റെ അന്തിമ ഫലം പ്രഖ്യാപിക്കലും, വോട്ടെടുപ്പുകളെക്കുറിച്ചുള്ള അന്തിമ റിപ്പോർട്ട് സമര്‍പ്പിക്കലും കമ്മീഷന്‍റെ ചുമതലയാകും. ബില്ലിലെ വ്യവസ്ഥകള്‍ പ്രകാരം തിരഞ്ഞെടുപ്പിന്റെ മേൽനോട്ടവും, ഇലക്‌ട്രൽ സ്‌റ്റേഷനുകളുടെ വേദികൾ തീരുമാനിക്കുന്നതും, സുതാര്യത, നിഷ്പക്ഷത, സമഗ്രത എന്നിവ പരിശോധിക്കുന്നതും കമ്മീഷനായിരിക്കും.
തെരഞ്ഞെടുപ്പിന് ശേഷം പാർലമെന്റ് സ്പീക്കർക്കും നീതിന്യായ മന്ത്രിക്കും സുപ്രീം ജുഡീഷ്യൽ കൗൺസിൽ മേധാവിക്കും കമ്മീഷന്‍ റിപ്പോർട്ട് സമർപ്പിക്കണം.
Adjust Story Font
16