Quantcast

അറേബ്യൻ ഗൾഫ് കപ്പ്: ബഹ്‌റൈന്റേത് രണ്ടാം കിരീടം

10 കിരീടങ്ങളുമായി കുവൈത്താണ് ഒന്നാമത്, ഒമാന് രണ്ട് കിരീടം

MediaOne Logo

Web Desk

  • Updated:

    2025-01-05 07:10:44.0

Published:

5 Jan 2025 6:50 AM GMT

Arabian Gulf Cup: Bahrains second title
X

കുവൈത്ത് സിറ്റി: 26ാമത് അറേബ്യൻ ഗൾഫ് കപ്പ് ഫൈനലിൽ (ഖലീജി സെയിൻ 26) ഒമാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തി ബഹ്‌റൈൻ നേടിയത് രാജ്യത്തിന്റെ രണ്ടാം കിരീടം. 2019 ൽ സൗദി അറേബ്യയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് ബഹ്‌റൈൻ അറേബ്യൻ ഗൾഫ് കപ്പ് ജേതാക്കളായിരുന്നു. ഇന്നലെ റണ്ണേഴ്‌സ് അപ്പായ ഒമാന് രണ്ട് കിരീടമുണ്ട്. 2009ലും 201-18ലുമാണ് ടീം ജേതാക്കളായത്. 10 കിരീടങ്ങളുമായി നിലവിലെ ആതിഥേയരായ കുവൈത്താണ് ഒന്നാമത്.

2010 ൽ യെമനിൽ നടന്ന 20-ാമത് ഗൾഫ് കപ്പിൽ സൗദി അറേബ്യയെ 1-0 ന് തോൽപ്പിച്ചാണ് കുവൈത്ത് അവസാനമായി ജേതാക്കളായത്. 1970-ൽ ബഹ്‌റൈനിൽ നടന്ന ആദ്യ ഗൾഫ് കപ്പിലാണ് ടൂർണമെന്റിലെ കുവൈത്തിന്റെ ആധിപത്യം ആരംഭിച്ചത്. ആതിഥേയരായ ബഹ്റൈനെ വീഴ്ത്തി ജേതാക്കളായി. 1976 വരെ തുടർച്ചയായി നാല് കിരീടങ്ങൾ നേടി ടീം. മറ്റൊരു ഗൾഫ് രാജ്യത്തിനുമില്ലാത്ത റെക്കോർഡാണിത്. 1970ന് പുറമേ 1972, 1974, 1976 എന്നീ വർഷങ്ങളിലാണ് കുവൈത്ത് ജേതാക്കളായത്. ടൂർണമെന്റിന്റെ 6, 8, 10, 13, 14, 20 എഡിഷനുകളിലും കുവൈത്ത് ജേതാക്കളായി. ഇറാഖ് (നാല്), സൗദി അറേബ്യ (മൂന്ന്), ഖത്തർ (മൂന്ന്), യുഎഇ (രണ്ട്) എന്നിങ്ങനെയാണ് ഇതര രാജ്യങ്ങളുടെ കിരീട നേട്ടം.

കുവൈത്ത് ഫുട്ബോൾ ഇതിഹാസം ജാസിം യാക്കൂബ് 18 ഗോളുകളുമായി ഗൾഫ് കപ്പിലെ എക്കാലത്തെയും മികച്ച സ്‌കോററായി തുടരുകയാണ്. രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന ഗൾഫ് കപ്പിൽ തുടക്കത്തിൽ ബഹ്‌റൈൻ, ഖത്തർ, കുവൈത്ത്, സൗദി അറേബ്യ എന്നീ നാല് രാജ്യങ്ങൾ മാത്രമേ പങ്കെടുത്തിരുന്നുള്ളൂ. ഒമാൻ, യുഎഇ, ഇറാഖ്, യെമൻ എന്നിവയെ ഉൾപ്പെടുത്തി വിപുലീകരിച്ചു. നിലവിൽ എട്ട് മത്സര ടീമുകളാണുള്ളത്. സൗദി അറേബ്യയാണ് അടുത്ത ഗൾഫ് കപ്പിന് ആതിഥേയത്വം വഹിക്കുന്നത്. 27ാമത് ഗൾഫ് കപ്പ് 2026 സെപ്തംബർ 23 മുതൽ ഒക്‌ടോബർ ആറ് വരെയാണ് നടക്കുക.

ബഹ്‌റൈന്റെ മുഹമ്മദ് മർഹൂൻ മികച്ച താരം, ഇബ്രാഹിം ലുത്ഫുല്ല മികച്ച ഗോളി

കുവൈത്തിൽ നടന്ന 26ാമത് അറേബ്യൻ ഗൾഫ് കപ്പിൽ മികച്ച താരവും ഉയർന്ന സ്‌കോററുമായി ബഹ്‌റൈന്റെ മുഹമ്മദ് മർഹൂൻ തിരഞ്ഞെടുക്കപ്പെട്ടു. ബഹ്‌റൈന്റെ തന്നെ ഇബ്രാഹിം ലുത്ഫുല്ലയാണ് മികച്ച ഗോളി. അറേബ്യൻ ഗൾഫ് കപ്പ് ഫുട്‌ബോൾ ഫെഡറേഷൻ ടെക്‌നിക്കൽ കമ്മിറ്റിയാണ് താരങ്ങളെ തിരഞ്ഞെടുത്തത്. മിഡ്ഫീൽഡറായി കളിക്കുന്ന മർഹൂൻ മൂന്ന് ഗോളുകളാണ് അറബ് കപ്പിൽ നേടിയത്. അറേബ്യൻ ഗൾഫ് കപ്പിൽ രണ്ട് തവണ ക്ലീൻ ഷീറ്റ് നേടിയ ഏക ഗോൾകീപ്പറാണ് ബഹ്റൈന്റെ ഇബ്രാഹിം ലുത്ഫുല്ല. ഗൾഫ് കപ്പിൽ ആരാധക വോട്ടിൽ കുവൈത്തിന്റെ മുഹമ്മദ് ദഹ്ഹാം മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. ദഹ്ഹാമിനെ സമാപന ചടങ്ങിൽ ആദരിച്ചു.

പ്രൗഢഗംഭീരമായാണ് ഗൾഫ് കപ്പിന് പരിസമാപ്തിയായത്. അമീർ ശൈഖ് മിഷ്അൽ അൽഅഹമ്മദ് അൽജാബിർ അസ്സബാഹിനായി കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽഹമദ് അസ്സബാഹ് സമാപന ചടങ്ങിൽ പങ്കെടുത്തു. ഖലീജി സൈൻ 26 ട്രോഫി കുവൈത്ത് കിരീടാവകാശി ബഹ്റൈൻ ക്യാപ്റ്റൻ സയ്യിദ് മുഹമ്മദ് ജാഫറിനും സീനിയർ താരം ഇസ്മായിൽ അബ്ദുല്ലത്തീഫിനും കൈമാറി. മേഖലയിൽ നിന്നുള്ള താരങ്ങൾ ഉൾപ്പെടെയുള്ള ഗൾഫ് ഫുട്‌ബോൾ ഇതിഹാസങ്ങളെ കുവൈത്ത് കിരീടാവകാശി ആദരിച്ചു. കലാ പ്രകടനങ്ങൾ, കരിമരുന്ന് പ്രയോഗം, പതാക പ്രദർശനങ്ങൾ എന്നിവ സമാപന ചടങ്ങിൽ നടന്നു.

TAGS :

Next Story