ഷവർമക്കുള്ളിൽ കറൻസി കയറ്റി കുവൈത്തിലേക്ക് ദശലക്ഷത്തിലേറെ പൗണ്ട് കടത്താൻ ശ്രമം
കള്ളക്കടത്ത് ശ്രമം കെയ്റോയിൽ തടഞ്ഞു
കുവൈത്ത് സിറ്റി: ഷവർമക്കുള്ളിൽ കറൻസി കയറ്റി കുവൈത്തിലേക്ക് ദശലക്ഷത്തിലേറെ പൗണ്ട് കടത്താനുള്ള ശ്രമം കെയ്റോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അധികൃതർ തടഞ്ഞു. കുവൈത്തിലേക്കുള്ള വിമാനയാത്രക്ക് മുമ്പ് പതിവ് പരിശോധനയ്ക്കിടെയാണ് സംഭവം പുറത്തുവന്നത്. സമൂഹ മാധ്യമങ്ങളിൽ സംഭവത്തിന്റെ വീഡിയോ വൈറലാണ്.
സ്റ്റാൻഡേർഡ് പാസഞ്ചർ സ്‌ക്രീനിംഗിൽ സംശയം ഉയർന്നതിനെ തുടർന്ന് എയർപോർട്ട് സെക്യൂരിറ്റി ഈജിപ്ഷ്യൻ യാത്രക്കാരനെ തടഞ്ഞുനിർത്തുകയായിരുന്നുവെന്നാണ് അറബ്‌ടൈംസ് ഓൺലൈൻ കെയ്റോ എയർപോർട്ടിലെ സ്രോതസിനെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തത്.
സംശയിക്കപ്പെട്ട വ്യക്തിയുടെ ലഗേജുകൾ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ, ഷവർമക്കുള്ളിൽ വലിയ സംഖ്യ ശ്രദ്ധാപൂർവ്വം ഒളിപ്പിച്ചതായി എയർപോർട്ട് അധികൃതർ കണ്ടെത്തുകയായിരുന്നു. സുരക്ഷാ ജീവനക്കാരെ കബളിപ്പിക്കാനായിരുന്നു ഇത്തരത്തിൽ ഷവർമക്കുള്ളിൽ പണം ഒളിപ്പിച്ചത്.
കള്ളക്കടത്ത് തെളിഞ്ഞതോടെ യാത്രക്കാരനെതിരെ വിമാനത്താവളം അധികൃതർ ഉടൻ തന്നെ നിയമനടപടികൾ സ്വീകരിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്. നിയമനടപടി നേരിട്ട യാത്രക്കാരന്റെ ഐഡന്റിറ്റി സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
Adjust Story Font
16