കുവൈത്തിൽ മാളുകളിൽ പ്രവേശിക്കാൻ ബൂസ്റ്റർ ഡോസ് നിർബന്ധമാക്കിയേക്കും
നിലവിൽ ആദ്യ ഡോസ് സ്വീകരിച്ചവർക്ക് ഓറഞ്ചു നിറത്തിലും രണ്ട് ഡോസും സ്വീകരിച്ചവർക്ക് പച്ച നിറത്തിലുമാണ് സിവിൽ ഐഡി ആപ്ലിക്കേഷനിൽ സ്റ്റാറ്റസ് കാണിക്കുന്നത്.
കുവൈത്തിൽ മാളുകളിലെയും മറ്റും പ്രവേശനത്തിന് കോവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് നിർബന്ധമാക്കിയേക്കും. ഇതിനായി ഡിജിറ്റൽ സിവിൽ ഐഡിയിൽ ബൂസ്റ്റർ ഡോസ് വിവരങ്ങൾ കൂടി ഉൾപെടുത്താൻ അധികൃതർ നീക്കമാരംഭിച്ചു.
ബൂസ്റ്റർ ഡോസ് വിവരങ്ങൾ ഡിജിറ്റൽ സിവിൽ ഐഡിയിൽ ഉൾപ്പെടുത്താനുള്ള നിർദേശം സുപ്രീം എമർജൻസി കമ്മിറ്റിയുടെ പരിഗണയിലാണ്. നിലവിൽ ആദ്യ ഡോസ് സ്വീകരിച്ചവർക്ക് ഓറഞ്ചു നിറത്തിലും രണ്ട് ഡോസും സ്വീകരിച്ചവർക്ക് പച്ച നിറത്തിലുമാണ് സിവിൽ ഐഡി ആപ്ലിക്കേഷനിൽ സ്റ്റാറ്റസ് കാണിക്കുന്നത്.
നിലവിൽ വാണിജ്യ സമുച്ചയങ്ങൾ, മന്ത്രാലയങ്ങൾ, പള്ളികൾ, പൊതുഗതാഗതം തുടങ്ങിയ സ്ഥലങ്ങളിൽ പ്രവേശനത്തിന് ഗ്രീൻ സ്റ്റാറ്റസ് നിർബന്ധമാണ്. ബൂസ്റ്റർ ഡോസിന് ഏതുതരം അടയാളമാകും എന്ന് തീരുമാനമായിട്ടില്ല. ബൂസ്റ്റർ ഡോസ് എടുക്കാത്തവരുടെ സ്റ്റാറ്റസ് വീണ്ടും ഓറഞ്ച് നിറത്തിലേക്ക് മാറ്റുന്നകാര്യവും പരിഗണയിലുണ്ട് .
കൊറോണ എമർജൻസി കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചാൽ സിവിൽ ഇൻഫർമേഷൻ വകുപ്പ് മൊബൈൽ ഐഡി ആപ്പ് അപ്ഡേറ്റ് ചെയ്യും. ഇതോടെ പൊതു സ്ഥാപനങ്ങളിലെ പ്രവേശനത്തിന് ബൂസ്റ്റർ ഡോസും നിർബന്ധമാക്കുമെന്നാണ് സൂചന. അതിനിടെ ഒമിക്രോൺ വൈറസ് സംബന്ധിച്ച അന്താരാഷ്ട്ര വാർത്തകളുടെ പശ്ചാത്തലത്തിൽ എല്ലാവരും ബൂസ്റ്റർ ഡോസ് വാക്സിനേഷന് മുന്നോട്ടു വരണമെന്ന് അധികൃതർ അഭ്യർഥിച്ചു .
Adjust Story Font
16