Quantcast

താമസ നിയമലംഘനം: ജൂൺ 30ന് ശേഷം കുവൈത്തിൽ വ്യാപക പരിശോധന, കടുത്ത നടപടി

നാടുകടത്തുന്നതിന് മുന്നോടിയായി വിസ നിയമലംഘകരെ പാർപ്പിക്കാൻ നാല് സൈറ്റുകൾ അനുവദിച്ചു

MediaOne Logo

Web Desk

  • Published:

    28 Jun 2024 9:18 AM GMT

Residency law in Kuwait for expatriates over 60 without a degree
X

കുവൈത്ത് സിറ്റി: താമസ നിയമലംഘനത്തിലെ പൊതുമാപ്പ് കാലാവധി അവസാനിക്കുന്ന ജൂൺ 30ന് ശേഷം കുവൈത്തിൽ വ്യാപക പരിശോധനയും കടുത്ത നടപടിയും. നിയമ ലംഘകർക്ക് രാജ്യം വിടാനോ അവരുടെ പദവി നിയമാനുസൃതമാക്കാനോ ഉള്ള സമയപരിധി രണ്ടാഴ്ച നീട്ടിയിരുന്നു. മാർച്ച് 17 മുതൽ മൂന്ന് മാസത്തേക്കാണ് രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നത്. ജൂൺ 17 വരെ നിശ്ചയിച്ച സമയപരിധി പിന്നീട് 30 വരെ നീട്ടുകയായിരുന്നു. ഈ തിയ്യതി കൂടി പൂർത്തിയാകുന്നതോടെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം എല്ലാ വിഭാഗങ്ങളുമായി വലിയ സുരക്ഷാ കാമ്പയിൻ നടത്തും. വിവിധ ഗവർണറേറ്റുകളിൽ പരിശോധനയും നടപടിയും നടത്തുമെന്ന് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അറബ് ടൈംസ് ഓൺലൈൻ.കോമാണ് റിപ്പോർട്ട് ചെയ്തത്.

ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര, പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസുഫ് സൗദ് അസ്സബാഹിന്റെ നിർദേശപ്രകാരം സെക്യൂരിറ്റി, റെസിഡൻസി അഫേഴ്‌സ് ഇൻവെസ്റ്റിഗേഷൻ, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ, റെസ്‌ക്യൂ, സ്‌പെഷ്യൽ സർവീസ് ഡയറക്ടറേറ്റുകൾ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ഗവർണറേറ്റുകളിൽ കാമ്പയിൻ നടക്കുകയെന്ന് മന്ത്രാലയ വൃത്തങ്ങൾ വെളിപ്പെടുത്തി. ഫാമുകളിലും വിദൂര പ്രദേശങ്ങളിലുമടക്കം നിയമലംഘകർക്ക് അഭയം നൽകുന്നവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി.

നാടുകടത്തുന്നതിന് മുന്നോടിയായി വിസ നിയമലംഘകരെ പാർപ്പിക്കാൻ നാല് സൈറ്റുകൾ അനുവദിച്ചതായും അവർ അറിയിച്ചു. ഡിപോർട്ടേഷൻ പ്രിസൺ, സുലൈബിയ പ്രിസൺ കോംപ്ലക്സിലെ ജുവനൈൽ വെൽഫെയർ ഡിപ്പാർട്ട്മെന്റ് കെട്ടിടം, അക്കമഡേഷൻ ഡിപ്പാർട്ട്മെന്റ്, യുഎൻ റൗണ്ട്എബൗട്ടിനോട് ചേർന്നുള്ള റെസിഡൻസി ഇൻവെസ്റ്റിഗേഷൻസ് ജനറൽ ഡിപ്പാർട്ട്മെന്റ് കെട്ടിടത്തിലെ ഡിറ്റൻഷൻ ഡിപ്പാർട്ട്മെന്റ് കെട്ടിടം (മുമ്പ് അൽ അസ്ഹാം) എന്നിവ ഈ സൈറ്റുകളിൽ ഉൾപ്പെടുന്നുവെന്ന് അവർ പറഞ്ഞു. നടപടികൾ പൂർത്തിയാകുമ്പോൾ നാടുകടത്താനുള്ള ഏകദേശം 3,500 ആളുകളെ ഉൾക്കൊള്ളാൻ ഈ സൈറ്റുകൾക്ക് കഴിയുമെന്നും അവർ വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ വർഷം 40,000 ലധികം നിയമലംഘകരെ നാടുകടത്തിയിരുന്നു.

TAGS :

Next Story