കുവൈറ്റിൽ ഡെലിവറി കമ്പനികള്‍ക്കുള്ള പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ: ഫൂഡ് ഡെലിവറി മേഖല പ്രതിസന്ധിയിലേക്ക്
നിയമം പ്രാബല്യത്തില്‍ വന്നതോടെ ഭക്ഷണം വിതരണം ചെയ്യുന്ന എല്ലാ ഡ്രൈവര്‍മാര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നിർബന്ധമായി
കുവൈറ്റ് സിറ്റി:രാജ്യത്തെ ഫുഡ് ഡെലിവറി സർവീസുകൾക്ക് പെരുമാറ്റച്ചട്ടം ഇന്ന് മുതല്‍ നിലവില്‍ വന്നു. ആഭ്യന്തരമന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിലായിരുന്നു പെരുമാറ്റച്ചട്ടം നിർബന്ധമാക്കിയത്. തീരുമാനം നടപ്പിലായതോടെ മലയാളികള്‍ അടക്കമുള്ള വിദേശ തൊഴിലാളികളും പ്രതിസന്ധിയിലായി.
പുതിയ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിനായി കൂടുതല്‍ സമയപരിധി രാജ്യത്തെ ഫുഡ് ഡെലിവറി കമ്പനികള്‍ നേരത്തെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മുന്നൊരുക്കം നടത്താതെ പരിഷ്കരണം നടത്തുന്നത് മേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് കമ്പനികള്‍ ആശങ്ക പ്രകടിപ്പിച്ചു. തീരുമാനം ഏറ്റവും കൂടുതല്‍ ബാധിക്കുക ഭക്ഷണ വിതരണ കമ്പനികളേയും ഹോട്ടല്‍ മേഖലയെയുമാണ്.
നിയമം പ്രാബല്യത്തില്‍ വന്നതോടെ ഭക്ഷണം വിതരണം ചെയ്യുന്ന എല്ലാ ഡ്രൈവര്‍മാര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നിബന്ധമായി. ഡ്രൈവര്‍മാര്‍ ഭക്ഷണം വിതരണം ചെയ്യുന്ന കമ്പനിയുടെ സ്പോണ്സര്‍ഷിപ്പില്‍ ആയിരിക്കണം, കുവൈത്ത് മുനിസിപ്പാലിറ്റിയുടെ അനുമതിയോടെ ഡെലിവറി വാഹനങ്ങളിൽ കമ്പനിയുടെ സ്റ്റിക്കർ പതിച്ചിരിക്കണം, ഡെലിവറി ചെയ്യുന്ന ആൾ യൂണിഫോമിൽ ആയിരിക്കണം എന്നിവയാണ് പെരുമാറ്റച്ചട്ടത്തിലെ മറ്റു നിബന്ധനകൾ.
ബൈക്കിൽ ഭക്ഷ്യവസ്തുക്കൾ ഡെലിവറി ചെയ്യുന്നവർക്കും ഹെൽത്ത് കാർഡ് നിബന്ധന ബാധകമാണ്. തൊഴിലാളി ക്ഷാമത്തെ തുടര്‍ന്ന് നിരവധി കമ്പനികള്‍ അടച്ചുപൂട്ടേണ്ട അവസ്ഥയിലാണുള്ളതെന്ന് ഫെഡറേഷന്‍ ഓഫ് ഡെലിവറി കമ്പനി യുണിയന്‍ മേധാവി ഇബ്രാഹിം അല്‍ തുവൈജി പറഞ്ഞു. നിലവില്‍ ഒരു തൊഴിലാളിക്ക് ഹെല്‍ത്ത് കാര്‍ഡ് ലഭിക്കുവാന്‍ രണ്ടാഴ്ചയോളമാണ് സമയം എടുക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ നിയമ വ്യവസ്ഥകള്‍ നടപ്പിലാക്കുന്നത് അടുത്ത വര്‍ഷം ആദ്യത്തിലേക്ക് മാറ്റിവെക്കണമെന്ന് അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
അതിനിടെ പെരുമാറ്റച്ചട്ടത്തിലെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നു കമ്പനി ഉടമകളോട് അധികൃതർ ആവശ്യപ്പെട്ടു. നിബന്ധനകൾ ലംഘിക്കുന്ന കമ്പനികളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നൽകി.
Adjust Story Font
16