കുവൈത്തിലെ പുതിയ ട്രാഫിക് നിയമം: സ്ഥിരം ഗതാഗത നിയമലംഘകർ കോടതി കയറേണ്ടിവരും
കോടതിയിലെത്തിയാൽ ഗുരുതര ലംഘനങ്ങൾക്ക് 600 മുതൽ 1,000 ദിനാർ വരെ പിഴയും ഒന്ന് മുതൽ മൂന്ന് വർഷം വരെ തടവും

കുവൈത്തിൽ പുതിയ ട്രാഫിക് നിയമങ്ങൾ നടപ്പാക്കുന്നതോടെ സ്ഥിരം ഗതാഗത നിയമലംഘകർ കോടതി കയറേണ്ടിവരും. സാധാരണ ഗതിയിലുള്ള പിഴകൾ ജനറൽ ട്രാഫിക് വകുപ്പ് സ്വീകരിക്കുമെന്നും എന്നാൽ നിരവധി ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്യുന്ന നിയമലംഘകരെ കോടതിയിലേക്ക് റഫർ ചെയ്യുമെന്നും ജനറൽ ട്രാഫിക് വകുപ്പിലെ ബ്രിഗേഡിയർ മുഹമ്മദ് അൽ സുബ്ഹാൻ. അൽ-അഖ്ബർ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കോടതിയിലേക്ക് റഫർ ചെയ്യുന്ന ഗുരുതര ലംഘനങ്ങൾക്ക് 600 ദിനാർ മുതൽ 1,000 ദിനാർ വരെ പിഴയും ഒന്ന് മുതൽ മൂന്ന് വർഷം വരെ തടവും ലഭിക്കുമെന്നും ബ്രിഗേഡിയർ അൽസുബ്ഹാൻ വിശദീകരിച്ചു.
കോടതിയിലെത്തിയാൽ പിഴ കൂടുമെന്നും പറഞ്ഞു. റെഡ് സിഗ്‌നൽ ലംഘനത്തിനുള്ള പിഴ 150 ദിനാറാണ്. എന്നാൽ ഈ കേസ് കോടതിയിലേക്ക് റഫർ ചെയ്താൽ, പിഴ 600 ദിനാറിൽ കുറയില്ല.
അശ്രദ്ധമായ ഡ്രൈവിംഗ്, റേസിംഗ്, റെഡ് സിഗ്‌നൽ നിയമലംഘനം, ഹൈവേകളിലോ റിംഗ് റോഡുകളിലോ എതിർ ദിശയിൽ വാഹനമോടിക്കൽ, 'പിന്നോട്ട്' വാഹനമോടിക്കൽ എന്നിവയാണ് ഗുരുതര ലംഘനങ്ങൾ.
Adjust Story Font
16