യു.എ.ഇ പ്രസിഡണ്ടിന്റെ വിയോഗം; കുവൈത്തില്‍ സംഗീത-കായിക പരിപാടികള്‍ മാറ്റിവെച്ചു
യു.എ.ഇ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹിയാന്റെ വിയോഗത്തെ തുടര്‍ന്ന് കുവൈത്തില്‍ നടക്കാനിരുന്ന വിവിധ സംഗീത-കായിക പരിപാടികള്‍ മാറ്റിവെച്ചു. രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് വിനോദ പരിപാടികളും മാറ്റിവെച്ചത്.
രാജ്യത്ത് ഈ ആഴ്ചയും അടുത്ത ആഴ്ചയുമയി വിവിധ സംഗീത-വിനോദ പരിപാടികളാണ് നടക്കാനിരുന്നത്. ജാബിര്‍ കള്‍ച്ചറല്‍ സെന്ററില്‍ ഷെഡ്യൂള്‍ ചെയ്തിരുന്ന ബിഥോവന്‍ ഫിഫ്ത് സിംഫണി ഉള്‍പ്പെടെയുള്ള മുഴുവന്‍ പരിപാടികളും ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ മാറ്റിവെച്ചതായി സംഘാടകര്‍ അറിയിച്ചു.
രാജ്യത്തെ വിവിധ ഫുട്‌ബോള്‍ മത്സരങ്ങളും കായിക മത്സരങ്ങളും മാറ്റിവെച്ചിട്ടുണ്ട്. ശൈഖ് ഖലീഫയുടെ വിയോഗത്തെ തടുര്‍ന്ന് അമീര്‍ ശൈഖ് നവാഫ് അല്‍ അഹമ്മദ് അസ്വബാഹ് ആണ് രാജ്യത്ത് 40 ദിവസത്തെ ദുഃഖാചരണത്തിനു ഉത്തരവിട്ടത്. മൂന്ന് ദിവസത്തെ പൊതു അവധിയും പ്രഖ്യാപിച്ചിരുന്നു. അതിനിടെ മൂന്നു ദിവസത്തേക്ക് മാറ്റിവെച്ച ജി.സി.സി ഗെയിംസ് ഗ്രൂപ്പ് മത്സരങ്ങള്‍ നാളെ പുനരാരംഭിക്കും. മേയ് 22നാണ് ജി.സി.സി കായികമേളയുടെ മൂന്നാം പതിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം.
Adjust Story Font
16