കുവൈത്തിൽ സ്വദേശി-വിദേശി ജനസംഖ്യ അസന്തുലിതാവസ്ഥ പരിഹരിക്കാൻ ഗവൺമെൻറ് ഒരുങ്ങുന്നു
നേരത്തെ പാർലമെന്റ് പുറപ്പെടുവിച്ച ജനസംഖ്യാ ഘടന പരിഹരിക്കാനുള്ള നിർദേശത്തിൽ നിയമനിർമ്മാണവുമുണ്ട്
കുവൈത്തിൽ സ്വദേശി-വിദേശി ജനസംഖ്യ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനുള്ള തീരുമാനങ്ങൾ ഗവൺമെൻറിന്റെ പരിഗണയിൽ. ഈദ് അവധിക്ക് ശേഷം ജനസംഖ്യാ ഘടന പരിഹരിക്കുന്നതിനുള്ള ചർച്ചയിലേക്ക് കടക്കുമെന്നാണ് സൂചന. ഇതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേരും. കുവൈത്ത് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആഭ്യന്തര മന്ത്രാലയം വിളിച്ചു ചേർക്കുന്ന യോഗത്തിൽ പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ, താമസ കാര്യവകുപ്പ്, സിവിൽ സർവ്വീസ് കമ്മീഷൻ എന്നിവയും പങ്കെടുക്കും.
നേരത്തെ പാർലമെന്റ് പുറപ്പെടുവിച്ച ജനസംഖ്യാ ഘടന പരിഹരിക്കാനുള്ള നിർദേശത്തിൽ നിയമനിർമ്മാണവുമുണ്ട്. പ്രവാസികളുടെ എണ്ണം 30 ശതമാനമായി കുറക്കുക, സ്വദേശികളുടെ എണ്ണം ജനസംഖ്യയുടെ 70 ശതമാനമാക്കുക തുടങ്ങിയ വിഷയങ്ങളും വിദേശി, സ്വദേശി അനുപാതത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിൽ സ്വീകരിക്കേണ്ട മാർഗങ്ങളും ചർച്ചയാകും. രാജ്യത്തെ വിദേശികളിൽ ഭൂരിപക്ഷം പേരും അവിദഗ്ദ്ധ തൊഴിലാളികളാണ്. പ്രവാസി തൊഴിലാളികളുടെ ആവശ്യകതയും പ്രൊഫഷണൽ യോഗ്യതകളും പരിഗണിച്ച് എണ്ണത്തിൽ പരിധികൾ നിശ്ചയിക്കുമെന്നും സൂചനകളുണ്ട്.
Adjust Story Font
16