Quantcast

കുവൈത്തിലെ രാഷ്ട്രീയ തടവുകാർക്ക് അമീറിന്റെ പൊതുമാപ്പ്

വിവിധ കുറ്റങ്ങളില്‍ തടവിലായ സ്വദേശികള്‍ക്കാണ് പൊതുമാപ്പ് ആനുകൂല്യം ലഭിക്കുക

MediaOne Logo

Web Desk

  • Updated:

    2022-11-23 19:34:36.0

Published:

23 Nov 2022 4:34 PM GMT

കുവൈത്തിലെ രാഷ്ട്രീയ തടവുകാർക്ക് അമീറിന്റെ പൊതുമാപ്പ്
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ രാഷ്ട്രീയ തടവുകാർക്ക് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് പൊതുമാപ്പ് പ്രഖ്യാപിച്ചു. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കപ്പെടുന്നതോടെ രാഷ്ട്രീയ കേസുകളിൽ ഉൾപ്പടെയുള്ളവര്‍ക്ക് അമീർ നൽകിയ പൊതുമാപ്പ് പ്രാബല്യത്തിലാകും.

മന്ത്രിസഭ ഉത്തരവ് അംഗീകരിച്ചതിന് പിന്നാലെയാണ് അമീര്‍ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഉപ പ്രധാനമന്ത്രിയും കാബിനറ്റ്കാര്യ മന്ത്രിയുമായ ബറാക് അൽ ഷതാൻ അറിയിച്ചു.ഭരണഘടനയുടെ 75 വകുപ്പ് അനുസൃതമായാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. വിവിധ കുറ്റങ്ങളില്‍ തടവിലായ സ്വദേശികള്‍ക്കാണ് പൊതുമാപ്പ് ആനുകൂല്യം ലഭിക്കുക. കഴിഞ്ഞ വര്‍ഷം പാർലിമെന്റ് കയ്യേറ്റക്കേസിലും മറ്റും ഉൾപ്പെട്ട് വിദേശങ്ങളിൽ രാഷ്ട്രീയ അഭയം തേടിയ മുൻ എംപിമാർ ഉൾപ്പെടെയുള്ളവർക്ക് കുവൈത്ത് പൊതുമാപ്പ് നല്‍കിയിരുന്നു.

പൊതുമാപ്പിന് അര്‍ഹരായ തടവുകാരുടെ പേരുവിവരങ്ങൾ തയാറാക്കാൻ മന്ത്രിമാരും അറ്റോണി ജനറലും ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറിയും ഉൾപ്പെടുന്ന പ്രത്യേക സമിതി അടുത്ത ദിവസം തന്നെ യോഗം ചേരുമെന്ന് ബറാക് അൽ ഷതാൻ പറഞ്ഞു.ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കപ്പെടുന്നതോടെയാണ് രാഷ്ട്രീയ കേസുകളിൽ ഉൾപ്പെട്ടവർക്ക് അമീർ നൽകിയ പൊതുമാപ്പ് പ്രാബല്യത്തിലാകുക . എന്നാൽ എത്ര തടവുകാർക്ക് മാപ്പുനൽകുമെന്നും പ്രത്യേക സമിതിയുടെ പ്രവർത്തന സമയപരിധി സംബന്ധിച്ച വിശദാംശങ്ങളും അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.

TAGS :

Next Story