ആർട്ടിക്കിൾ 18 പ്രകാരം പെർമിറ്റുള്ള പ്രവാസികൾക്ക് കുവൈത്തിൽ ബിസിനസ് ലൈസൻസില്ല
ആർട്ടിക്കിൾ 19 പ്രകാരം പെർമിറ്റുള്ള പ്രവാസികൾക്കാണ് ബിസിനസ് ലൈസൻസ് സ്വന്തമാക്കാൻ കഴിയുക
കുവൈത്ത് സിറ്റി: ആർട്ടിക്കിൾ 18 പ്രകാരം റസിഡൻസി പെർമിറ്റുള്ള പ്രവാസികൾക്ക് കുവൈത്തിൽ ബിസിനസ് ലൈസൻസില്ല. ഇവരെ കമ്പനികളിലോ സ്ഥാപനങ്ങളിലോ പാർട്ണർമാരോ മാനേജിംഗ് പാർട്ണർമാരോ ആകുന്നതിൽ നിന്നും വാണിജ്യ രജിസ്റ്റർ ചെയ്യുന്നതിൽ നിന്നും വിലക്കുന്ന പുതിയ നയം വാണിജ്യ വ്യവസായ മന്ത്രാലയം നടപ്പാക്കി. ആർട്ടിക്കിൾ 19 പ്രകാരം പെർമിറ്റുള്ള പ്രവാസികൾക്കാണ് ബിസിനസ് ലൈസൻസ് സ്വന്തമാക്കാൻ കഴിയുക.
ആർട്ടിക്കിൾ 18 പ്രകാരം റസിഡൻസി പെർമിറ്റുള്ള പ്രവാസികളുടെ ലൈസൻസ് റദ്ദാക്കിയത് കമ്പനികളുടെയും സ്ഥാപനങ്ങളുടെയും എസ്റ്റാബ്ലിഷ്‌മെൻറ് റിന്യൂവൽ (പുതുക്കൽ), നിലവിലെ സ്ഥിതി ഭേദഗതി ചെയ്യൽ എന്നിവയെ താൽകാലികമായി ബാധിക്കുമെന്ന് ചില സ്രോതസ്സുകൾ അൽ റായിയോട് വെളിപ്പെടുത്തിയതായി അറബ് ടൈംസ് ഓൺലൈൻ റിപ്പോർട്ട് ചെയ്തു.
ബിസിനസ് ലൈസൻസിനായുള്ള പുതിയ നിയമം 10,000 പ്രവാസികളെ ബാധിക്കുമെന്നാണ് റിപ്പോർട്ട്. ആർട്ടിക്കിൾ 19 പ്രകാരമല്ലാത്ത റെസിഡൻസിയുള്ളവർക്ക് പങ്കാളിത്തമുള്ള 45,000 ബിസിനസ് ലൈസൻസുകൾ കുവൈത്ത് സസ്പെൻഡ് ചെയ്തിരിക്കുകയാണ്. ഇവർ ലൈസൻസ് നിലനിർത്താനായി ആർട്ടിക്കിൾ 19 പ്രകാരമുള്ള റെസിഡൻസി പെർമിറ്റ് നേടണം.
വാണിജ്യ സ്ഥാപനങ്ങളുടെ ശരിയായ നിയന്ത്രണം ഉറപ്പാക്കുന്നതിനുള്ള സുപ്രധാന നടപടിയായാണ് ഈ നീക്കം നിരീക്ഷിക്കപ്പെടുന്നത്. ഈ നിയന്ത്രണങ്ങൾ എത്രകാലം നിലനിൽക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.
Adjust Story Font
16