കുവൈത്തിൽ കടുത്ത ചൂട്; ഉൽപാദനക്ഷമതയെ ബാധിച്ചതായി റിപ്പോർട്ട്
കുവൈത്തിൽ ചൂടുകാലത്ത് ജോലി വൈകുന്നേരമാക്കണമെന്ന് പാർലമെൻറിൽ കരടുനിർദേശം വന്നിട്ടുണ്ട്
കുവൈത്തിൽ വേനൽ പാരമ്യതയിലേക്ക്. കടുത്ത ചൂട് വാണിജ്യ സ്ഥാപനങ്ങളുടെയും മറ്റും ഉൽപാദനക്ഷമതയെ ബാധിച്ചതായി കുവൈത്ത് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വിവിധ കമ്പനി അധികൃതരുമായി സംസാരിച്ച്തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
നേരിട്ട് വെയിൽ ഏൽക്കുന്ന തരം ജോലികളെയാണ് വേനൽ കാര്യമായി ബാധിച്ചത്. നിർജലീകരണവും കടുത്ത ചൂടും ജോലിയിൽ ശ്രദ്ധ കുറക്കാൻ കാരണമാകുന്നുണ്ട്. രോഗങ്ങൾ വന്ന് അവധിയെടുക്കുന്ന പ്രവണതയും വർദ്ധിച്ചിട്ടുണ്ട്. കുവൈത്തികളിൽ ഒരുവിഭാഗം വേനലിൽ അവധിയെടുത്ത് വിദേശത്ത് പോവുകയാണ്. തലച്ചോറിനെയും ന്യൂറോളജിക്കൽ സംവിധാനത്തെയും ബാധിക്കുന്നത് കൊണ്ട് മാനസിക സമ്മർദ്ദവും കൊടുംവേനലിൽ കൂടുതലാണ്.
കുവൈത്തിൽ ചൂടുകാലത്ത് ജോലി വൈകുന്നേരമാക്കണമെന്ന് പാർലമെൻറിൽ കരടുനിർദേശം വന്നിട്ടുണ്ട്. ജൂൺ ഒന്നുമുതൽ ആഗസ്റ്റ് 31 വരെ കാലയളവിൽ വൈകുന്നേരം അഞ്ചുമണി മുതൽ രാത്രി പത്തുമണി വരെയാക്കണം ജോലി സമയം എന്നാണ് പാർലമെന്റിൽ കരടുനിർദേശം സമർപ്പിക്കപ്പെട്ടത്. ലോകത്തിലെ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന അഞ്ചു നഗരങ്ങൾ കുവൈത്തിലാണെന്നു കഴിഞ്ഞ ദിവസം റിപ്പോർട്ട് ഉണ്ടായിരുന്നു. ഉൽപാദനക്ഷമത കുറയുന്നതിന് പുറമെ വെള്ളം, വൈദ്യുതി ഉപഭോഗവും വേനൽ കാലത്ത് റെക്കോർഡ് ഭേദിക്കുകയാണ്. ഔദ്യോഗിക ജോലി സമയം വൈകുന്നേരമാക്കിയാൽ എല്ലാം കൊണ്ടും മെച്ചമാണെന്നാണ് വിലയിരുത്തൽ.
വെള്ളക്കുപ്പികൾ വാഹനത്തിൽ ഉപേക്ഷിച്ച് പോകരുതെന്ന മുന്നറിയിപ്പ്
കുവൈത്തിൽ വേനൽ ചൂട് വർധിച്ചതോടെ വെള്ളക്കുപ്പികൾ വാഹനത്തിൽ ഉപേക്ഷിച്ച് പോകരുതെന്ന മുന്നറിയിപ്പുമായി കുവൈത്ത് അഗ്‌നിശമന വിഭാഗം. പകൽ സമയത്തു വെള്ളകുപ്പികൾ കാറിൽ ഉപേക്ഷിച്ചു പോകുന്നതു വലിയ അപകടത്തിന് കാരണമാവുമെന്ന് കെഎഫ്എസ്ഡി പബ്ലിക് റിലേഷൻ വകുപ്പ് മേധാവി ഖലീൽ അൽ അമീർ മുന്നറിയിപ്പു നൽകി. സൂര്യ കിരണങ്ങൾ വെള്ളക്കുപ്പിയിൽ പ്രതിഫലിക്കുക വഴി കാറിൽ തീ പടരാൻ സാധ്യതയുണ്ട്. തുണിയും പഞ്ഞിയും കൊണ്ടുണ്ടാക്കുന്ന സീറ്റുകൾ ചെറിയ തീപ്പൊരിയുണ്ടായാൽ പോലും വലിയ അപകടം ഉണ്ടാക്കുവാനുള്ള സാധ്യത ഏറെയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.
Adjust Story Font
16