കുവൈത്ത് അബ്ബാസിയയിലെ തീപിടുത്തം; ഫോറൻസിക് നടപടികൾ പൂർത്തിയായി
നടപടിക്രമങ്ങൾ പൂർത്തിയാക്കി നാളെയോടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുവാൻ കഴിയുമെന്നാണ് പ്രതീക്ഷ
കുവൈത്ത് സിറ്റി: അബ്ബാസിയയിലെ ഫ്‌ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മരണപ്പെട്ട നാലംഗ കുടുംബത്തിൻറെ ഫോറൻസിക് നടപടികൾ പൂർത്തിയായി. നടപടിക്രമങ്ങൾ പൂർത്തിയാക്കി നാളെയോടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുവാൻ കഴിയുമെന്നാണ് പ്രതീക്ഷ. എ.സിയിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
കുവൈത്തിലെ റോയിട്ടേഴ്സ് കമ്പനിയിലെ വിവര സാങ്കേതിക വിഭാഗത്തിൽ ജീവനക്കാരനാണ് മരിച്ച മാത്യു. ഭാര്യ ലീനി എബ്രഹാം അദാൻ ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സ് ആണ്. മകൻ ഐസക് ഭവൻസ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയും ഐറിൻ ഇതെ സ്‌കൂളിലെ തന്നെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുമാണ്. നാട്ടിൽ നിന്ന് വെള്ളിയാഴ്ച വൈകീട്ടാണ് ഇവർ അവധി കഴിഞ്ഞ് കുവൈത്തിൽ തിരിച്ചെത്തിയത്.
തീപിടിത്തം കണ്ടയുടനെ കെട്ടിടത്തിലുള്ള എല്ലാവരും പുറത്തേക്ക് ഇറങ്ങുന്ന സമയത്ത് ഇവരുടെ ഫ്‌ലാറ്റിലും മുട്ടിയിരുന്നു. തുടർന്ന് വാതിൽ തുറന്ന മാത്യു കുടുംബത്തെ വിളിക്കുവാൻ അകത്തേക്ക് പോവുകയായിരുന്നു. എന്നാൽ എല്ലാവരും താഴെ എത്തിയിട്ടും ഇവരുടെ കുടുംബത്തെ കാണാതിരുന്നതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കുവൈത്തിൽ ചൂട് കൂടിയതോടെ ചെറുതും വലുതുമായ തീപിടുത്തങ്ങൾ പതിവാണ്. ആഴ്ചകൾക്ക് മുമ്പ് മംഗഫിൽ നടന്ന തീപിടുത്തത്തിൽ 24 മലയാളികൾ അടക്കം 49 പേരാണ് മരണപ്പെട്ടത്.
Adjust Story Font
16