കുവൈത്തിലെ സർക്കാർ ജീവനക്കാർക്കായി ഫ്ലെക്സിബിൾ പ്രവൃത്തി സമയം വീണ്ടും
ആദ്യ ഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന സമയക്രമം, അധികാരികളുടെ വിലയിരുത്തലിന് ശേഷം സ്ഥിരപ്പെടുത്തും
കുവൈത്ത് സിറ്റി: കുവൈത്തിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ഫ്ലെക്സിബിൾ പ്രവൃത്തി സമയം വീണ്ടും കൊണ്ടുവരുവാന്‍ ആലോചന. ഇത് സംബന്ധമായ ചര്‍ച്ചകള്‍ ഡെമോഗ്രാഫിക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ചതായി പ്രാദേശിക മാധ്യമമായ അൽ-ഖബസ് റിപ്പോര്‍ട്ട് ചെയ്തു.
പുതിയ സമയ ക്രമത്തിന്‍റെ അന്തിമരൂപം ഉടന്‍ തയ്യാറാകുമെന്നാണ് സൂചനകള്‍ . ആദ്യ ഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന സമയക്രമം, അധികാരികളുടെ വിലയിരുത്തലിന് ശേഷം സ്ഥിരപ്പെടുത്തും. പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പായി വിദ്യാഭ്യാസ മന്ത്രാലയത്തിലാണ് ഫ്ലെക്സിബിൾ പ്രവൃത്തി സമയം നടപ്പിലാക്കുക. രാവിലെ 7:00 നും 8.30 നും ഇടയിലാണ് ജോലി സമയം ആരംഭിക്കുക.
ജീവനക്കാർക്ക് പ്രതിദിനം ഏഴു മണിക്കൂറായിരിക്കും പ്രവൃത്തി സമയം. 30 മിനിറ്റ് ഗ്രേസ് പിരീഡ് അനുവദിക്കുവാനും നിര്‍ദ്ദേശമുണ്ട്. ആഭ്യന്തര മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സിവിൽ സർവീസ് കമ്മീഷനും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ മന്ത്രിസഭാ സമിതിക്ക് സമർപ്പിക്കും. ഗതാഗത തിരക്ക് കുറയ്ക്കുന്നതിന്‍റെ ഭാഗമായി സ്കൂള്‍ വിദ്യാർത്ഥികള്‍ക്കായി ബസുകള്‍ അനുവദിക്കുമെന്നും സൂചനകളുണ്ട്.
അതേസമയം ആവശ്യ സര്‍വീസുകളിലെ ജീവനക്കാര്‍ക്ക് ജോലിയുടെ സ്വഭാവമനുസരിച്ച് അനുയോജ്യമായ സമയം നിർണ്ണയിക്കാൻ അനുവദിക്കും.നിലവില്‍ ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനമാണുള്ളത്. ഞായറാഴ്ച ആരംഭിച്ച് വ്യാഴാഴ്ചയോടെ അവസാനിക്കും.ഫ്ലെക്സിബിൾ ജോലി സമയം നടപ്പിലാകുന്നതോടെ രൂക്ഷമായ ഗതാഗത കുരുക്കും, തൊഴിലാളികളുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനും, തൊഴിൽ-ജീവിത ബാലൻസ് മെച്ചപ്പെടുത്തുവാനും സാധിക്കുമെന്നാണ് കരുതപ്പെടുന്നത്.
Adjust Story Font
16