കുവൈത്ത് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ജാബിർ മുബാറക് അൽ ഹമദ് അസ്സബാഹ് അന്തരിച്ചു
2011 മുതൽ 2019 വരെ കുവൈത്തിന്റെ പ്രധാനമന്ത്രിയായിരുന്നു
കുവൈത്ത് സിറ്റി കുവൈത്ത് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ജാബിർ മുബാറക് അൽ ഹമദ് അൽ സബാഹ് (82) അന്തരിച്ചു. 1942ൽ ജനിച്ച ഷെയ്ഖ് ജാബിർ മുബാറക് 1968ലാണ് പൊതുസേവന രംഗത്തേക്ക് കടന്നുവരുന്നത്. 2011 മുതൽ 2019 വരെ കുവൈത്തിന്റെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു.
അമീരി ദിവാനിൽ ഭരണപരവും സാമ്പത്തികവുമായ കാര്യങ്ങളുടെ കൺട്രോളറായാണ് പൊതുസേവനം ആരംഭിച്ചത്. തുടർന്ന് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ, അഡ്മിനിസ്ട്രേറ്റീവ് ആൻഡ് ഫിനാൻഷ്യൽ അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി എന്നീ പദവികൾ വഹിച്ചു. 1979 മാർച്ച് 19ന് ഷെയ്ഖ് ജാബർ ഹവല്ലി ഗവർണറായി നിയമിതനായി. പിന്നീട് അഹമ്മദിയുടെ ഗവർണറായി സേവനമനുഷ്ഠിച്ച അദ്ദേഹം സാമൂഹ്യകാര്യ-തൊഴിൽ മന്ത്രി, വാർത്താവിതരണ മന്ത്രി, അമീറിന്റെ ഓഫീസിലെ ഉപദേഷ്ടാവ് തുടങ്ങി വിവിധ മന്ത്രിപദങ്ങളിലും സേവനമനുഷ്ഠിച്ചു.
2001ൽ ഷെയ്ഖ് ജാബിർ ഉപപ്രധാനമന്ത്രിയായും പ്രതിരോധ മന്ത്രിയായും നിയമിതനായി. 2003 ജൂലൈ 14-ന് രൂപീകരിച്ച ഗവൺമെന്റിലും അദ്ദേഹം ഇതേ സ്ഥാനങ്ങളിൽ സേവനം തുടർന്നു. 2006 ഫെബ്രുവരി 9-ന് ആദ്യ ഉപപ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, പ്രതിരോധ മന്ത്രി എന്നീ പദവികളിലേക്ക് അദ്ദേഹത്തെിന് സ്ഥാനക്കയറ്റം ലഭിച്ചു. തുടർന്ന് 2011 വരെയുള്ള ഗവൺമെന്റ് രൂപീകരണങ്ങളിൽ അദ്ദേഹം പ്രസ്തുത പദവികളിൽ തുടർന്നു. 2011 നവംബറിൽ അദ്ദേഹം കുവൈത്തിന്റെ പ്രധാന മന്ത്രിയായി നിയമിതനായി. കുവൈത്തിന്റെ വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെയും വെല്ലുവിളികളിലൂടെയും നീണ്ട 8 വർഷം രാജ്യത്തെ നയിച്ച അദ്ദേഹം 2019ൽ രാജിവെക്കുന്നത് വരെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു.
Adjust Story Font
16