ഇന്ത്യൻ എംബസ്സിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷിച്ചു
ഇന്ത്യൻ എംബസ്സിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷിച്ചു. മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ അംബാസിഡർ സിബി ജോർജ്ജ് രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു. എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്ന് ലോകത്തെ പഠിപ്പിച്ച മഹാത്മജിയുടെ ജീവിതത്തിൽനിന്ന് പാഠമുൾക്കൊണ്ട് സമൂഹത്തിനായി നിലകൊള്ളാനും മൂല്യങ്ങൾ സ്വാംശീകരിച്ച് സേവനം ചെയ്യാൻ നമ്മൾ തയാറാവണമെന്നും അംബാസിഡർ പറഞ്ഞു.
അഹിംസയിലും സത്യത്തിലും അധിഷ്ഠിതമായ ജീവിതക്രമത്തിലൂടെ ലോക ജനതക്ക് മഹത്തായ സന്ദേശം നൽകിയ മഹാത്മജിയുടെ ആശയം വർത്തമാനകാലത്തും നമ്മെ പ്രചോദിപ്പിക്കുന്നു. ആസാദി കാ മഹോത്സവ് ആഘോഷിക്കുന്ന ഘട്ടത്തിലെ ഗാന്ധിജയന്തി ഏറെ പ്രാധാന്യമുള്ളതാണെന്നും ഓരോ ഇന്ത്യക്കാരന്റെയും അഭിമാനമാണ് മഹാത്മജിയെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ഗാന്ധിജിയുടെ ഭജനകളും ദേശഭക്തിഗാനങ്ങളും ഉൾപ്പെടെയുള്ള സാംസ്‌കാരിക പരിപാടിയും സംഘടിപ്പിച്ചിരുന്നു. കുവൈത്തിലെ വിവിധ സ്‌കൂൾ വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുത്തു. ഐ.സി.സി.ആർ നടത്തിയ ഓൺലൈൻ ഗാന്ധിയൻ ഫിലോസഫി കോഴ്സിൽ പങ്കെടുത്തവരേയും പ്രമുഖ ഗാന്ധിയൻ ഡോ. ശോഭന രാധാകൃഷ്ണയെയും ചടങ്ങിൽ ആദരിച്ചു.
Adjust Story Font
16