ഗൾഫ് കപ്പ്: ടിക്കറ്റുകൾ ഹയാകോം ആപ്പ് വഴി മാത്രം
'സമൂഹ മാധ്യമങ്ങളിലൂടെയോ ഇതര വെബ്സൈറ്റിലൂടെയോ ടിക്കറ്റ് വാങ്ങാൻ ശ്രമിച്ച് വഞ്ചിതരാകാതിരിക്കുക'
കുവൈത്ത് സിറ്റി: 26ാമത് അറേബ്യൻ ഗൾഫ് കപ്പിന്റെ (ഗൾഫ് സെയ്ൻ 26) ടിക്കറ്റുകൾ ഹയാകോം ആപ്പ് വഴി മാത്രമേ ബുക്കിംഗിന് ലഭ്യമാകൂവെന്ന് അധികൃതർ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽനിന്നോ ഏതെങ്കിലും വെബ്സൈറ്റിൽ നിന്നോ ടിക്കറ്റ് വാങ്ങാൻ ശ്രമിച്ച് തട്ടിപ്പിന് ഇരയാകാതിരിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു. കുവൈത്ത് ആഭ്യന്തര മന്ത്രാലയമടക്കം ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഗൾഫ് കപ്പിന് ഈ മാസം 21ന് കുവൈത്ത് അർദിയ ജാബിർ അഹമ്മദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിലാണ് തുടക്കമാകുക. വൈകീട്ട് ഏഴിനാണ് ഉദ്ഘാടന ചടങ്ങ്. തുടർന്ന് ആദ്യ മത്സരത്തിൽ രാത്രി എട്ടിന് ആതിഥേയരായ കുവൈത്ത് ഒമാനെ നേരിടും. 60,000 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന സ്റ്റേഡിയം ഉദ്ഘാടന മത്സരത്തിന് പൂർണ സജ്ജമായിട്ടുണ്ട്.
രണ്ടാം മത്സരത്തിൽ രാത്രി 10ന് സുലൈബിക്കാത്ത് ജാബിർ മുബാറക് സ്റ്റേഡിയത്തിൽ ഖത്തറും യു.എ.ഇയും എറ്റുമുട്ടും. ഇത് അഞ്ചാം തവണയാണ് കുവൈത്ത് ഗൾഫ് കപ്പിന് ആതിഥേയത്വം വഹിക്കുന്നത്. കുവൈത്ത്, ബഹ്റൈൻ, ഇറാഖ്, ഒമാൻ, ഖത്തർ,സൗദി അറേബ്യ, യു.എ.ഇ, യമൻ എന്നിവയാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന മറ്റു രാജ്യങ്ങൾ.
Adjust Story Font
16