കുവൈത്തിൽ ചൂട് കൂടുന്നു; വൈദ്യുതി ഉപഭോഗത്തിൽ റെക്കോർഡ് വർധന
രാജ്യത്ത് അന്തരീക്ഷ താപനില 50 ഡിഗ്രി സെല്‍ഷ്യസിനോട് അടുത്താണ്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ ചൂട് കൂടിയതൊടെ വൈദ്യുതി ഉപഭോഗം റെക്കോർഡ് വർധനയിലേക്ക്. വരും വര്‍ഷങ്ങളിലെ വർധിച്ച വൈദ്യുതി ലോഡ് കൈകാര്യം ചെയ്യുന്നതിനായി ഹ്രസ്വകാല പരിഹാരങ്ങളും ശിപാർശകളും സര്‍ക്കാറിന് സമര്‍പ്പിച്ചതായി വൈദുതി മന്ത്രാലയം അറിയിച്ചു.
നിലവില്‍ രാജ്യത്തെ പ്രതിദിന ഉല്‍പ്പാദനം ഏതാണ്ട് 18,000 മെഗാവാട്ട് ആയതിനാല്‍ പ്രതിസന്ധി ഉണ്ടാകില്ലെങ്കിലും വരും വര്‍ഷങ്ങളില്‍ വൈദ്യതി പ്രതിസന്ധി രൂക്ഷമാകുമെന്നുമാണ് സൂചന. റിപ്പോര്‍ട്ട് അനുസരിച്ച്, 2024ൽ പ്രതീക്ഷിക്കുന്ന പരമാവധി ലോഡ് 17,503 മെഗാവാട്ടും, 2025 ൽ 18,203 മെഗാവാട്ടും, 2026ല്‍ 18,931 മെഗാവാട്ടുമാണ്. ഗൾഫ് ഇന്റർകണക്ഷൻ നെറ്റ്‌വർക്കിൽ നിന്ന് അടിയന്തരമായി ഊർജം വാങ്ങേണ്ട ആവശ്യകത റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. അതോടൊപ്പം പ്രവർത്തനരഹിതമായ യൂണിറ്റുകളുടെയും പവർ സ്റ്റേഷൻ ഉപകരണങ്ങളുടെയും പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഉടന്‍ നടപടിയെടുക്കാനും റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നു
വൈദ്യുതി ഉപഭോഗം കൂടുന്ന സമയത്ത് ലോഡുകളുടെ മൂല്യങ്ങൾ കുറയ്ക്കുക, എയർ കണ്ടീഷനിങ് സംവിധാനങ്ങളുടെ തെർമോസ്റ്റാറ്റ് ക്രമീകരണങ്ങൾ 25 ഡിഗ്രി സെൽഷ്യസായി ഉയർത്തുക, ഫാക്ടറികള്‍ പീക്ക് സമയങ്ങളിൽ ഉൽപ്പാദനം കുറയ്ക്കുക, വ്യവസായിക മേഖലകളിലേക്കും ഫാമുകളിലേക്കും ചാലറ്റുകളിലേക്കും തിരക്കേറിയ സമയങ്ങളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കുക, ജനറേഷൻ സ്റ്റേഷനുകളിലെ ഊർജനഷ്ടം നേരിടാൻ ഓട്ടോമാറ്റിക് ലോഡ് വേർതിരിവിനുള്ള ഷെഡ്യൂളുകൾ അപ്‌ഡേറ്റ് ചെയ്യുക തുടങ്ങിയ നിരവധി നിര്‍ദേശങ്ങള്‍ റിപ്പോര്‍ട്ടില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലായി രാജ്യത്ത് അന്തരീക്ഷ താപനില 50 ഡിഗ്രി സെല്‍ഷ്യസിനോട് അടുത്താണ്. ചൂട് കൂടുന്നതിന് അനുസരിച്ച് എ.സികളുടെ ഉപയോഗവും വര്‍ധിക്കുന്നതാണ് ഇലക്ട്രിസിറ്റി ഉപയോഗം കൂട്ടാന്‍ ഇടയാക്കുന്നത്.
Adjust Story Font
16