കുവൈത്തിൽ കനത്ത ചൂട്; താപനില 40 മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെ
ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന താപനില കുവൈറ്റിലാണ് ഈ വർഷം റിപ്പോർട്ട് ചെയ്തത്
കുവൈത്ത് സിറ്റി: കുവൈത്തിൽ കനത്ത ചൂടെന്ന് വിവിധ റിപ്പോർട്ടുകൾ. ഒക്ടോബർ മാസമായിട്ടും കുവൈത്തിൽ ചൂടിന് വലിയ മാറ്റം വന്നിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ മാസം അവസാനത്തോടെ താപനിലയിൽ ഗണ്യമായ മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് കുവൈത്ത്.
ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന താപനില കുവൈറ്റിലാണ് ഈ വർഷം റിപ്പോർട്ട് ചെയ്തത്. ആഗോള താപനില സൂചിക അനുസരിച്ച് 53 ഡിഗ്രി സെൽഷ്യസാണ് ജഹ്‌റയിൽ രേഖപ്പെടുത്തിയത്. സാധാരണ നിലയിൽ സെപ്റ്റംബർ മാസത്തിൽ ചൂട് കുറഞ്ഞ് പിന്നീട് പതുക്കെ തണുപ്പ് മാസങ്ങളിലേക്ക് പ്രവേശിക്കുകയുമാണ് പതിവെങ്കിലും മുൻ മാസത്തിന് തുല്യമായ ചൂടാണ് ഇപ്പോഴും അനുഭവപ്പെടുന്നത്.
കഴിഞ്ഞ ആഴ്ചകളിൽ 40 മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെയാണ് രാജ്യത്ത് താപനില അനുഭവപ്പെട്ടത്. 22 ഡിഗ്രി സെൽഷ്യസാണ് ഈ ദിവസങ്ങളിളെ ശരാശരി കുറഞ്ഞ താപനില. അതിനിടെ വരും ദിവസങ്ങളിൽ രാത്രി സമയങ്ങളിൽ താപനില 22 മുതൽ 20 ഡിഗ്രി സെൽഷ്യസിലേക്ക് താഴുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖരാവി പറഞ്ഞു. വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുമെന്നും പുലർച്ചെ വരെ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വരും ദിവസങ്ങളിൽ ഹുമിഡിറ്റി വർദ്ധിക്കുമെന്നും തീരപ്രദേശങ്ങളിൽ റുത്തുബ കൂടിയ തോതിൽ അനുഭവപ്പെടുമെന്നും അബ്ദുൽ അസീസ് കൂട്ടിച്ചേർത്തു.
Adjust Story Font
16