Quantcast

15 ദിവസത്തിനിടെ പിടികൂടിയത് 18,778 നിയമലംഘനങ്ങൾ; കുവൈത്തിൽ കണ്ണ് തുറന്ന് എഐ കാമറകൾ

4,944 ലംഘനങ്ങൾ വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഉപയോഗം

MediaOne Logo

Web Desk

  • Published:

    10 Jan 2025 5:44 AM GMT

In Kuwait, AI cameras caught 18,778 violations in 15 days
X

കുവൈത്ത് സിറ്റി: വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്നതടക്കമുള്ള നിയമലംഘനങ്ങൾ കണ്ടെത്താനായുള്ള എഐ കാമറകൾ 2024 ഡിസംബറിൽ 15 ദിവസത്തിനുള്ളിൽ ആകെ 18,778 നിയമലംഘനങ്ങൾ പകർത്തിയതായി കുവൈത്ത് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റിലെ ട്രാഫിക് അവയർനെസ് അസിസ്റ്റന്റ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ അബ്ദുല്ല ബു ഹസ്സൻ. പുതുതായി സ്ഥാപിച്ച കാമറകൾക്ക് ഡ്രൈവറുടെയും മുൻ സീറ്റ് യാത്രക്കാരന്റെയും സീറ്റ് ബെൽറ്റ് ലംഘനങ്ങൾ നിരീക്ഷിക്കാൻ കഴിയുമെന്നും ഇത്തരം സാഹചര്യങ്ങളിൽ വാഹന ഉടമയ്ക്കെതിരെ കുറ്റപത്രം രേഖപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ സ്ഥിരീകരിച്ചു.

ഡിസംബറിൽ 15 ദിവസത്തിനിടെ രേഖപ്പെടുത്തിയതിൽ 4,944 ലംഘനങ്ങൾ വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ടതാണ്. 2024 ൽ ഗതാഗത സംബന്ധമായ മരണങ്ങളിൽ കുറവുണ്ടായതായി അബ്ദുല്ല ബു ഹസ്സൻ ചൂണ്ടിക്കാട്ടി. 2023ൽ 296 അപകട മരണങ്ങളുണ്ടായപ്പോൾ 2024ൽ 284 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. വാഹനങ്ങളുടെയും റോഡുകളുടെയും ഡ്രൈവിംഗ് ലൈസൻസുകളുടെയും എണ്ണം വർധിച്ചിട്ടും അപകട മരണങ്ങളിൽ 12 കേസുകളുടെ കുറവുണ്ടായെന്ന് അദ്ദേഹം വ്യക്തമാക്കി. ട്രാഫിക് അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ-ഖുദ്ദയുടെ നേതൃത്വത്തിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് നടത്തുന്ന തുടർച്ചയായ ശ്രമങ്ങളാണ് ഗുണകരമായ ഈ മാറ്റത്തിന് കാരണമെന്ന് ലെഫ്റ്റനന്റ് കേണൽ ബു ഹസ്സൻ പറഞ്ഞു.

TAGS :

Next Story