കുവൈത്തിൽ കുട്ടികൾക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പ് അടുത്ത ദിവസം മുതൽ
അഞ്ചിനും 11നും ഇടയിൽ പ്രായമുള്ള നാലര ലക്ഷത്തോളം കുട്ടികൾ കുവൈത്തിലുണ്ടെന്നാണ് കണക്കുകൾ
കുവൈത്തിൽ അഞ്ചു മുതൽ 11 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് അടുത്ത ദിവസം മുതൽ നൽകിത്തുടങ്ങും. ഫൈസർ ബയോൺ ടെക്ക് വാക്‌സിൻ മൂന്നിൽ ഒന്ന് ഡോസിലാണ് ഈ പ്രായവിഭാഗത്തിൽപ്പെടുന്നവർക്ക് നൽകുക. തീരുമാനത്തിന് ആരോഗ്യമന്ത്രാലയം അന്തിമ അംഗീകാരം നൽകി. ഈ പ്രായത്തിലുള്ളവരുടെ രജിസ്‌ട്രേഷൻ നേരത്തെ ആരംഭിച്ചിട്ടുണ്ട്.
അഞ്ച് വയസ്സിന് മുകളിലുള്ളവർക്ക് ഫൈസർ വാക്‌സിൻ നൽകുന്നതിന് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ അനുമതി നൽകിയതിനെ തുടർന്നാണ് കുവൈത്തിലും രജിസ്‌ട്രേഷൻ നടത്തിയത്. പുതിയ വകഭേദം കുട്ടികളിൽ കൂടുതലായി ബാധിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് വാക്‌സിൻ വിതരണം ഈ ആഴ്ച തന്നെ ആരംഭിക്കാൻ ആരോഗ്യമന്ത്രാലയം ഒരുങ്ങുന്നത്. ഫൈസർ വാക്‌സിൻ കുട്ടികളിൽ സുരക്ഷിതവും കാര്യക്ഷമവുമാണെന്നാണ് വിലയിരുത്തൽ. ലോകാരോഗ്യ സംഘടനയുടെ സ്‌പെഷലൈസഡ് ടെക്‌നിക്കൽ കമ്മിറ്റിയും അംഗീകാരം നൽകിയിട്ടുണ്ട്. അഞ്ചിനും 11നും ഇടയിൽ പ്രായമുള്ള നാലര ലക്ഷത്തോളം കുട്ടികൾ കുവൈത്തിലുണ്ടെന്നാണ് കണക്കുകൾ.
Adjust Story Font
16