കുവൈത്തിൽ ഗാർഹിക തൊഴിലാളികൾക്ക് ഇനിമുതൽ സ്വകാര്യ മേഖലയിലേക്ക് വിസമാറാം
രണ്ട് മാസത്തേക്കാണ് ആനുകൂല്യം ലഭ്യമാവുക
കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികൾക്ക് സ്വകാര്യ മേഖലയിലേക്ക് വിസമാറുവാൻ അനുമതി നൽകി കുവൈത്ത്. രണ്ട് മാസത്തേക്കാണ് ആനുകൂല്യം ലഭ്യമാവുക. രാജ്യത്തെ തൊഴിൽ വിപണി ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടികൾ. ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അസ്സബാഹാണ് ഇത് സംബന്ധമായ തീരുമാനം പ്രഖ്യാപിച്ചത്. തീരുമാനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ നിലവിൽ വരും.
ജൂലൈ 14 മുതൽ സെപ്റ്റംബർ 12 വരെ വീട്ടുജോലിക്കാർക്ക് അപേക്ഷകൾ സമർപ്പിക്കാമെന്ന് അധികൃതർ അറിയിച്ചു.അപേക്ഷകന് അപേക്ഷ സമർപ്പിക്കുവാൻ തൊഴിലുടമയുടെ അനുമതി ആവശ്യമാണ്. ചുരുങ്ങിയത് ഒരു വർഷമെങ്കിലും നിലവിലെ തൊഴിൽ ഉടമയുടെ കൂടെ ജോലി പൂർത്തിയാക്കിയവർക്കാണ് ആനുകൂല്യം ലഭ്യമാവുക. അമ്പത് ദിനറാണ് ട്രാൻസ്ഫർ ഫീസ് ആയി നിശ്ചയിച്ചിരുക്കുന്നത്. വിസ പുതുക്കുന്നതിനായി എല്ലാ വർഷവും 10 ദീനാറും ഈടാക്കും.
വ്യവസ്ഥകൾ നടപ്പിലാക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകിയതായി അധികൃതർ അറിയിച്ചു. സർക്കാരിൻറെ കണക്കുകൾ പ്രകാരം ഗാർഹിക തൊഴിലാളികളിൽ 45 ശതമാനവുമായി ഇന്ത്യക്കാർ ഒന്നാം സ്ഥാനത്തും 13 ശതമാനവുമായി ഫിലിപ്പീൻസുകാർ രണ്ടാം സ്ഥാനത്തുമാണ്. വീട്ടുജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പ്രവാസികൾക്ക് തൊഴിൽ വിസയിലേക്കു മാറാനുള്ള അവസരമാണ് പുതിയ തീരുമാനത്തോടെ കൈവന്നിരിക്കുന്നത്.
Adjust Story Font
16