ഇന്ത്യ-കുവൈത്ത് ബയർ-സെല്ലർ മീറ്റ് സംഘടിപ്പിച്ചു
കുവൈത്തിലെയും ഇന്ത്യയിലെയും പ്രമുഖ കമ്പനി പ്രതിനിധികൾ സമ്മേളനത്തിൽ പങ്കാളികളായി
ഇന്ത്യ-കുവൈത്ത് ബയർ-സെല്ലർ മീറ്റ് സംഘടിപ്പിച്ചു. ഫർവാനിയ ക്രൗൺ പ്ലാസയിൽ സംഘടിപ്പിച്ച മീറ്റിൽ ഭക്ഷ്യ-കാർഷിക മേഖലകളിലെ നിരവധി പേർ പങ്കെടുത്തു. ഇന്ത്യൻ എംബസ്സിയുടേയും ഇന്ത്യൻ ബിസിനസ്സ് ആൻഡ് പ്രൊഫഷണൽ കൗൺസിലിന്റെയും നേതൃത്വത്തിലാണ് പരിപാടി നടത്തിയത്.
കുവൈത്തിലെയും ഇന്ത്യയിലെയും പ്രമുഖ കമ്പനി പ്രതിനിധികൾ സമ്മേളനത്തിൽ പങ്കാളികളായി. ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സൈ്വക ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ഇരു രാജ്യങ്ങളിലേയും ബിസിനസ് സമൂഹങ്ങളുടെ ബന്ധം വളർത്തുന്നതിൽ ഐ.ബി.പി.സിയുടെ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു.
ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻസ് വൈസ് പ്രസിഡണ്ട് ഇസ്റാർ അഹമ്മദ്, ജോയിന്റ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ പ്രശാന്ത് സേത്, ഐബിപിസി ഭാരവാഹികളായ കൈസർ ടി ഷാക്കിർ, സോളി മാത്യു, സുരേഷ് കെ പി, സുനിത് അരോറ എന്നീവർ സംസാരിച്ചു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട് ഓർഗനൈസേഷൻസും ഇന്ത്യൻ ബിസിനസ്സ് ആൻഡ് പ്രൊഫഷണൽ കൗൺസിലും തമിലുള്ള ധാരണാപത്രം ചടങ്ങിൽ ഒപ്പുവെച്ചു.
പരിപാടിയുടെ ഭാഗമായി ക്രൗൺ പ്ലാസയിൽ സംഘടിപ്പിച്ച ഉൽപ്പന്നങ്ങളുടെ പ്രദർശനം ആകർഷകമായി. ഇന്ത്യൻ എംബസ്സിയുടെ നേതൃത്വത്തിൽ രണ്ട് ദിവസമായി ഗ്രാൻഡ് മജസ്റ്റിക്കിലും കുവൈത്ത് ചേംബർ ഹാളിലും നടന്ന വ്യാപാര പ്രമോഷൻ പരിപാടിയിൽ കുവൈത്ത് പൗരൻമാർ അടക്കം നൂറുക്കണക്കിന് പേരാണ് സന്ദർശനം നടത്തിയത്. നാട്ടിൽ നിന്നുള്ള പ്രതിനിധി സംഘം നേരത്തെ കുവൈത്തിലെ പ്രമുഖ ഇറക്കുമതിക്കാരെ കണ്ടിരുന്നു. ഹൈപ്പർമാർക്കറ്റുകൾ, റീട്ടെയിൽ സ്റ്റോറുകൾ എന്നിവ സന്ദർശിക്കുകയും ചെയ്തു.
Adjust Story Font
16