കുവൈത്തിലെ ഇന്ത്യൻ എംബസി സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു
കഴിഞ്ഞ ഒരു വർഷക്കാലം ആസാദി കാ അമൃത് മഹോത്സവ് കാമ്പയിന്റെ ഭാഗമായി കുവൈത്തിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിക്കാൻ സാധിച്ചതായി അംബാസഡർ
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി ഇന്ത്യയുടെ 76-ാമത് സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. കാലത്ത് എട്ടുമണിക്ക് എംബസ്സി അങ്കണത്തിലെ മഹാത്മാ പ്രതിമയിൽ അംബാസഡർ സിബി ജോർജും പത്‌നി ജോയ്സ് സിബിയും പുഷ്പാർച്ചന നടത്തി. തുടർന്ന് അംബാസഡർ ദേശീയ പതാക ഉയർത്തി.
രാഷ്ട്രപതിയുടെ സന്ദേശം അംബാസഡർ വായിച്ചു. ഇന്ത്യയുമായി മികച്ച സഹകരണവും ബന്ധവും തുടരുന്ന കുവൈത്ത് നേതൃത്വത്തിന് അംബാസഡർ തന്റെ പ്രസംഗത്തിൽ നന്ദി പറഞ്ഞു. കഴിഞ്ഞ ഒരു വർഷക്കാലം ആസാദി കാ അമൃത് മഹോത്സവ് കാമ്പയിന്റെ ഭാഗമായി കുവൈത്തിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിക്കാൻ സാധിച്ചതായി അംബാസഡർ പറഞ്ഞു.
ആസാദി കാ അമൃത് മഹോത്സവ് കാമ്പയിന്റെ ഭാഗമായി നടത്തിയ ക്വിസ് മത്സരത്തിൽ വിജയികൾക്കുള്ള മെഡലുകൾ ചടങ്ങിൽ വിതരണം ചെയ്തു. കുവൈത്ത് കോറൽ ബാൻഡ് ദേശഭക്തിഗാനങ്ങൾ ആലപിച്ചു. എംബസ്സി ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും മാധ്യമപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. കോവിഡ് സുരക്ഷാ കാരണങ്ങളാൽ പൊതുജനങ്ങളെ പ്രവേശിപ്പിച്ചിരുന്നില്ല. പകരം എംബസ്സിയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ ചടങ്ങുകൾ ലൈവ് കാസ്റ്റ് ചെയ്തിരുന്നു.
Adjust Story Font
16