Quantcast

താമസനിയമലംഘകരെ കണ്ടെത്താൻ കുവൈത്തിൽ പൊലീസിന്റെ മിന്നൽ പരിശോധന

MediaOne Logo

Web Desk

  • Published:

    25 Aug 2022 6:05 AM GMT

താമസനിയമലംഘകരെ കണ്ടെത്താൻ   കുവൈത്തിൽ പൊലീസിന്റെ മിന്നൽ പരിശോധന
X

കുവൈത്തിൽ താമസ നിയമലംഘകരെ ലക്ഷ്യമിട്ടുള്ള സുരക്ഷാ കാമ്പയിനിന്റെ ഭാഗമായി ഫർവാനിയ, അൽ അഹമ്മദി ഗവർണറേറ്റുകളിൽ പൊലീസ് മിന്നൽ പരിശോധന നടത്തി. അഹമ്മദി ഗവർണറേറ്റിലെ പരിധിയിൽനിന്ന് 87 പേരും ഫർവാനിയ ഗവർണറേറ്റിൽനിന്ന് 36 പേരും പിടിയിലായി.

ട്രാഫിക്ക് ആൻഡ് ഓപ്പറേഷൻസ്, പൊതുസുരക്ഷാ വിഭാഗങ്ങൾ സംയുക്തമായാണ് മഹ്ബൂല, ഖൈത്താൻ, ഫർവാനിയ, ജലീബ് അൽ ശുയൂഖ് എന്നിവിടങ്ങളിൽ മിന്നൽ പരിശോധന നടത്തിയത്. ഗതാഗത, ഓപ്പറേഷൻ വിഭാഗം അണ്ടർ സെക്രട്ടറി ജമാൽ അൽ സായിഗ്, പൊതു സുരക്ഷാ വിഭാഗം അണ്ടർ സെക്രട്ടറി മേജർ ജനറൽ അബ്ദുള്ള അൽ റജീബ് എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു പരിശോധന.

താമസ രേഖകൾ ഇല്ലാത്തവർ, ഒളിച്ചോട്ടക്കേസുകളിൽ ഉൾപ്പെട്ടവർ, ഇഖാമ കാലാവധി അവസാനിച്ചവർ എന്നിവരാണ് അറസ്റ്റിലായത്. ഫിന്റാസിൽ വ്യാജമദ്യ നിർമാണം തൊഴിലാക്കിയ ഏഷ്യൻ വംശജരും പിടിയിലായി. പത്തു ദിവസത്തിലധികമായി തുടരുന്ന സുരക്ഷാ കാമ്പയിനിൽ ഇതുവരെ നൂറുകണക്കിന് പേർ കസ്റ്റഡിയിലായിട്ടുണ്ട്. ഇവരുടെ നാടുകടത്തൽ നടപടികൾ വേഗത്തിലാക്കാൻ ആഭ്യന്തരമന്ത്രി നിർദേശം നൽകി.

രാജ്യത്തെ അനധികൃത താമസക്കാരെ മുഴുവൻ പിടികൂടി നാടുകടത്തുന്നത് വരെ പരിശോധന തുടരാനാണ് അധികൃതരുടെ തീരുമാനം. പുറത്തിറങ്ങുമ്പോൾ തിരിച്ചറിയൽ രേഖകൾ കൈവശം വെക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ കൃത്യ നിർവഹണവുമായി സഹകരിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

TAGS :

Next Story