ഇഖാമ: ആറുമാസമായി കുവൈത്തിന് പുറത്തുള്ള വിദേശികൾ ഒക്ടോബർ 31ന് മുമ്പ് മടങ്ങിയെത്തണമെന്നു താമസകാര്യ വകുപ്പ്
ആറുമാസ നിബന്ധന പതിനെട്ടാം നമ്പർ ഇഖാമയിലുള്ള വിദേശികൾക്ക് കൂടി ബാധകമാക്കിയ പശ്ചാത്തലത്തിലാണ് അധികൃതർ മുന്നറിയിപ്പ് നൽകിയത്
ആറുമാസത്തിൽ കൂടുതൽ കുവൈത്തിനു പുറത്തു കഴിയുന്ന വിദേശികൾ ഒക്ടോബർ 31ന് മുൻപ് മടങ്ങിയെത്തണമെന്നു താമസകാര്യ വകുപ്പ്. ആറുമാസ നിബന്ധന പതിനെട്ടാം നമ്പർ ഇഖാമയിലുള്ള വിദേശികൾക്ക് കൂടി ബാധകമാക്കിയ പശ്ചാത്തലത്തിലാണ് അധികൃതർ മുന്നറിയിപ്പ് നൽകിയത്. മുന്നറിയിപ്പ് സ്വീകരിക്കാത്തവരുടെ ഇഖാമ റദ്ദാകും.
2022 മെയ് 1 മുതൽ ആണ് ആറുമാസം കണക്കാക്കുകയെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ സെക്യൂരിറ്റി മീഡിയ വിഭാഗം അറിയിച്ചു. മെയ് ഒന്നിന് ശേഷം കുവൈത്തിൽ നിന്ന് പുറത്തു പോയവർ ആറുമാസം പൂർത്തിയാകുന്നതിനു മുൻപ് അഥവാ ഒക്ടോബർ 31 നുള്ളിൽ കുവൈത്തിൽ എൻട്രി ആയില്ലെങ്കിൽ താമസകാര്യ വിഭാഗത്തിന്റെ സിസ്റ്റത്തിൽ നിന്ന് റെസിഡൻസി പെർമിറ്റ് സ്വമേധയാ റദ്ദാകും. മെയ് ഒന്നിന് മുമ്പ് കുവൈത്തിൽ നിന്ന് പോയവർക്കും ഇതേ കാലയളവ് തന്നെയാണ് ബാധകമാകുക. ഇഖാമ കാലാവധി ഉണ്ടെങ്കിൽ ഒക്ടോബർ 31 നുള്ളിൽ ഇവർക്കും തിരികെ വരാവുന്നതാണ്. കുവൈത്ത് റെസിഡൻസി നിയമപ്രകാരം വിദേശികൾക്ക് രാജ്യത്തിനു പുറത്ത് തുടർച്ചയായി താമസിക്കാവുന്ന പരമാവധി കാലയളവ് ആറുമാസമാണ്. എന്നാൽ കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ പ്രവാസികളുടെ മടക്കയാത്ര മുടങ്ങിയ പശ്ചാത്തലത്തിൽ പ്രത്യേക മന്ത്രിസഭാ തീരുമാനത്തിലൂടെ ഈ നിയമം മരവിപ്പിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിൽ നിയമം പുനഃസ്ഥാപിച്ചെങ്കിലും ഗാർഹിക ജോലിക്കാർക്ക് മാത്രമായിരുന്നു ബാധകമാക്കിയത്.
Adjust Story Font
16