ഗാര്‍ഹികത്തൊഴിലാളികള്‍ ആറുമാസത്തില്‍ കൂടുതല്‍ കുവൈത്തിന് പുറത്തു താമസിച്ചാല്‍ ഇഖാമ അസാധുവാകും
മെയ് 31 നു മുന്‍പ് സ്‌പോണ്‍സര്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കണം
ഗാര്‍ഹികത്തൊഴിലാളികള്‍ ആറുമാസത്തില്‍ കൂടുതല്‍ കുവൈത്തിന് പുറത്തു താമസിച്ചാല്‍ ഇഖാമ അസാധുവാകുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. മെയ് 31 നു മുന്‍പ് സ്‌പോണ്‍സര്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിച്ചാല്‍ കാലാവധി നീട്ടി നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ആറുമാസത്തില്‍ കൂടുതല്‍ കുവൈത്തിന് പുറത്തു താമസിച്ചാല്‍ ഇഖാമ അസാധുവാകുന്ന നിയമം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നേരത്തെ താല്‍ക്കാലികമായി മരവിപ്പിച്ചിരുന്നു. പിന്നീട് ഗാര്‍ഹികജോലികര്‍ക്കു മാത്രം ബാധകമാക്കിക്കൊണ്ട് ഡിസംബറില്‍ നിയമം പുനഃസ്ഥാപിച്ചു.
കോവിഡ് കാലത്ത് നാട്ടിലേക്ക് പോയ നിരവധി ഗാര്‍ഹിക ജോലിക്കാര്‍ ഇനിയും മടങ്ങിയെത്തിയിട്ടില്ല. ഈ സാചര്യത്തിലാണ് ആഭ്യന്തരമന്ത്രാലയത്തിലെ താമസകാര്യ വകുപ്പ് നിയമം സംബന്ധിച്ച് ഓര്‍മപ്പെടുത്തിയത്. ആറുമാസത്തിലേറെ രാജ്യത്തിന് പുറത്ത് കഴിയുന്ന ഗാര്‍ഹിക ജോലിക്കാരുടെ ഇഖാമക്ക് മെയ് 31ന് ശേഷം സാധുത ഉണ്ടാകില്ല.
കാലാവധി ഉണ്ടെങ്കിലും ഇഖാമ സ്വമേധയാ അസാധുവാകും. എന്നാല്‍ സ്‌പോണ്‍സര്‍ മെയ് 31നു മുന്‍പ് റെസിഡന്‍സി അഫയേഴ്സ് ഡിപ്പാര്‍ട്‌മെന്റില്‍ നേരിട്ടെത്തി പ്രത്യേക എക്‌റ്റെന്‍ഷന്‍ റിക്വസ്റ്റ് നല്‍കിയാല്‍ ഇഖാമ സംരക്ഷിക്കാം. താമസിക്കുന്ന ഗവര്‍ണറേറ്റിലെ റെസിഡന്‍സി കാര്യാലയത്തെയാണ് സമീപിക്കേണ്ടത്. ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ സമയബന്ധിതമായി കാര്യങ്ങള്‍ നീക്കണമെന്ന ലക്ഷ്യത്തോടെയാണ് ഓര്‍മ്മപ്പെടുത്തലെന്നും അധികൃതര്‍ അറിയിച്ചു.
Adjust Story Font
16