ജസീറ എയർവേയ്‌സ് ഇന്ത്യയിലേക്ക് സർവീസുകൾ വ്യാപിപ്പിക്കുന്നു
കുവൈത്തിലെ ബജറ്റ് വിമാനക്കമ്പനിയായ ജസീറ എയർവേയ്‌സ് ഇന്ത്യയിലേക്ക് സർവീസുകൾ വ്യാപിപ്പിക്കുന്നു. കമ്പനിയുടെ ബെംഗളൂരുവിലേക്കും തിരുവനന്തപുരത്തേക്കും നേരിട്ടുള്ള വിമാന സർവീസുകൾ ഒക്ടോബർ 30 മുതൽ ആരംഭിക്കുമെന്ന് ജസീറ എയർവേയ്‌സ് അറിയിച്ചു.
കുവൈത്തിൽ നിന്ന് ചൊവ്വ, ഞായർ ദിവസങ്ങളിൽ 18:25ന് പുറപ്പെട്ട് ഉച്ചക്ക് 02:05ന് തിരുവനന്തപുരത്തെത്തും. തിരിച്ച് ബുധൻ, തിങ്കൾ ദിവസങ്ങളിൽ 02:50ന് തിരുവനന്തപുരത്ത്‌നിന്ന് ടേക് ഓഫ് ചെയ്ത് 05:55ന് കുവൈത്തിലെത്തും. ബെംഗളൂരുവിലേക്കുള്ള വിമാനം വ്യാഴം, ശനി ദിവസങ്ങളിൽ 18:00ന് കുവൈത്തിൽ നിന്ന് പുറപ്പെട്ട് 01:15ന് ബെംഗളൂരുവിലെത്തും. തിരികെ വെള്ളി, ഞായർ ദിവസങ്ങളിൽ 02:00ന് ബെംഗളൂരുവിൽനിന്നും പുറപ്പെട്ട് 04:50 ന് കുവൈത്തിൽ എത്തിച്ചേരും.
നിലവിൽ കൊച്ചി, ഡൽഹി, മുംബൈ, അഹമ്മദാബാദ് തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിൽനിന്ന് നേരിട്ടുള്ള സർവീസുകൾ ജസീറ നടത്തുന്നുണ്ട്. പ്രതിവർഷം 12 ലക്ഷം യാത്രക്കാരാണ് ജസീറ വിമാനങ്ങളിൽ സഞ്ചരിക്കുന്നത്. കുവൈത്തിൽ ദേശീയ വിമാനക്കമ്പനിയായ കുവൈത്ത് എയർവേയ്‌സിനു പുറമെ 2004ൽ പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ സ്ഥാപിതമായ വിമാനക്കമ്പനിയാണ് ജസീറ.
കുവൈത്തിലെ ഉയർന്ന ഡിമാൻഡ് കണക്കിലെടുത്താണ് പുതിയ സർവീസുകൾ ആരംഭിക്കുന്നതെന്നും ഇന്ത്യയിലേക്കുള്ള സേവനം വ്യാപിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും ജസീറ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ രോഹിത് രാമചന്ദ്രൻ പറഞ്ഞു.
Adjust Story Font
16