കുവൈത്ത്-കണ്ണൂർ എയർഇന്ത്യ എക്സ്പ്രസ് വിമാനം അനിശ്ചിതമായി വൈകുന്നു ; നാട്ടിലേക്ക് മടങ്ങാനിരുന്നവരുടെ യാത്ര മുടങ്ങി
പിതാവ് മരിച്ചതോടെ അടിയന്തിരമായി നാട്ടിലേക്ക് പുറപ്പെട്ട യാത്രക്കാരൻ ഉൾപ്പടെ നിരവധി പേരാണ് യാത്ര മുടങ്ങി അനിശ്ചിതമായി വിമാനത്താവളത്തിൽ കഴിയുന്നത്
- Published:
25 Dec 2022 10:32 PM GMT
കുവൈത്ത് സമയം രാവിലെ 9ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് ഐ എക്‌സ് 894 വിമാനമാണ് അനിശ്ചിതമായി വൈകുന്നത്. സാങ്കേതിക തകരാറാണ് വിമാനം വൈകാന്‍ കാരണമെന്നാണ് യാത്രക്കാർക്ക് ലഭ്യമായ വിവരം. പിതാവ് മരിച്ചതോടെ അടിയന്തിരമായി നാട്ടിലേക്ക് പുറപ്പെട്ട യാത്രക്കാരൻ ഉൾപ്പടെ നിരവധി പേരാണ് യാത്ര മുടങ്ങി അനിശ്ചിതമായി വിമാനത്താവളത്തിൽ കഴിയുന്നത്. ഇതടക്കം, അടിയന്തരമായി നാട്ടിലെത്തേണ്ടവരടക്കം 100ലേറെ യാത്രക്കാരാണ് എയർപോർട്ടിൽ കുടുങ്ങിയിരിക്കുന്നത് .രാവിലെ യാത്ര പുറപ്പെടുന്നതിന് വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരോട് ബോർഡിങ് കഴിഞ്ഞതിന് ശേഷമാണ് അധികൃതർ വിമാനം വൈകുമെന്ന് അറിയിച്ചത്. തുടർന്ന് വൈകീട്ട് 6 മണിക്ക് പുറപ്പെടുമെന്ന അറിയിപ്പിനെ തുടർന്ന് യാത്രക്കാരിൽ ചിലർ വീട്ടിലേക്ക് പോവുകയും മറ്റ് യാത്രക്കാർക്ക് ഹോട്ടലിൽ സൗകര്യം ഏർപ്പെടുത്തുകയുമായിരുന്നു. വൈകുന്നേരം മൂന്ന് മണിയോടെ യാത്രക്കാരെ ഹോട്ടലില്‍ നിന്ന് വീണ്ടും വിമാനത്താവളത്തിലെത്തിച്ചു. എന്നിട്ടും യാത്രാ സമയം സംബന്ധിച്ച് അനിശ്ചിതത്വം തുടർന്നു. എയര്‍ലൈന്‍ അധികൃതര്‍ ഇതുവരെ അറിയിപ്പൊന്നും നൽകിയിട്ടില്ലെന്ന് യാത്രക്കാർ പറഞ്ഞു. സ്ത്രീകളും കുട്ടികളമടക്കമുള്ള യാത്രക്കാർ എയർപോർട്ട് ടെർമിനൽ ഹോട്ടലിലാണ് കഴിയുന്നത്.
Adjust Story Font
16