കോവിഡ് നല്‍കിയ ഇടവേളയ്ക്കു ശേഷം വീണ്ടും സജീവമായി കുവൈത്ത് വിമാനത്താവളം
കഴിഞ്ഞ ഞായറാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് 12 രാജ്യങ്ങളിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കാൻ അനുമതി നല്‍കിയത്.
അമേരിക്ക ഉൾപ്പെടെ 12 രാജ്യങ്ങളിലേക്കുള്ള വിമാന സർവീസ് പുനരാരംഭിച്ചതോടെ സജീവമായി കുവൈത്ത് വിമാനത്താവളം. 25 വിമാനങ്ങളിലായി നാലായിരത്തോളം യാത്രക്കാരാണ് കഴിഞ്ഞ ദിവസം കുവൈത്തിൽ നിന്നും വിവിധ രാജ്യങ്ങളിലേക്ക് യാത്രയായത്.
മാസങ്ങളുടെ ഇടവേളയ്ക്കു ശേഷമാണു കുവൈത്ത് വിമാനത്താവളത്തിൽ യാത്രക്കാരുടെ തിരക്ക് പ്രകടമായത് . 12 രാജ്യങ്ങളിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ച ശേഷം ആദ്യമായി പറന്നത് ജസീറ എയർവെയ്സിന്‍റെ റ്റിബിലിസിലേക്കുള്ള വിമാനമായിരുന്നു .
160 യാത്രികരാണ് ഈ വിമാനത്തിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ ഞായറാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് 12 രാജ്യങ്ങളിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കാൻ അനുമതി നല്‍കിയത്. ബ്രിട്ടൻ അമേരിക്ക, സ്പെയിൻ, നെതർലാൻഡ് , ഇറ്റലി, ആസ്ട്രിയ, ഫ്രാൻസ് , കിർഗിസ്ഥാൻ എം ബോസ്നിയ ഹെർസെഗോവിന, ജർമ്മനി, ഗ്രീസ്, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിലേക്കുള്ള വ്യോമഗതാഗത്തിനാണ് അനുമതി നൽകിയത്.
വാക്സിനേഷൻ കോഴ്സ് പൂർത്തിയാക്കിയ വിദേശികൾക്ക് ഓഗസ്റ്റ് ഒന്ന് മുതൽ പ്രവേശനം അനുവദിക്കാനുള്ള തീരുമാനത്തെ തുടർന്ന് അറൈവൽ യാത്രക്കാരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങളിലാണ് എയർപോർട്ട് . പ്രതിദിനം 35,000 അറൈവൽ യാത്രക്കാരെ സ്വീകരിക്കാനുള്ള സൗകര്യം ഒരുക്കിയതായി സിവിൽ ഏവിയേഷൻ പ്ലാനിങ് വിഭാഗം മേധാവി സഅദ് അൽ ഉതൈബി പറഞ്ഞു . വിമാനത്താവളത്തിന്‍റെ പ്രവർത്തനം 30 ശതമാനം ശേഷിയിൽ കൂടരുതെന്നു മന്ത്രിസഭാ നിർദേശമുണ്ട് . വിമാനത്താവളത്തിൽ സാമൂഹ്യ അകലം ഉൾപ്പെടെയുള്ളരോഗ്യ മാനദണ്ഡങ്ങൾ കര്ശനമാക്കിയതായും യാത്രയാക്കാനോ സ്വീകരിക്കാനോ ആരെയും വിമാനത്താവളത്തിനകത്തേക്ക് കടത്തിവിടില്ലെന്നും സഅദ് അൽ ഉതൈബി കൂട്ടിച്ചേർത്തു.
Adjust Story Font
16