കുവൈത്ത് എയർവേയ്സ് വരുമാനം 2023ൽ 335 ദശലക്ഷം ദിനാറായി
2023ൽ വിമാനസർവീസുകൾ 32,839 ആയി ഉയർന്നു
കുവൈത്ത് സിറ്റി: കുവൈത്ത് എയർവേയ്സ് വരുമാനം 2023ൽ 335 ദശലക്ഷം ദിനാർ (ഏകദേശം ഒരു ബില്യൺ യുഎസ് ഡോളർ) ആയി. 16 ശതമാനം വർധനവാണ് കുവൈത്ത് എയർവേയ്സ് കോർപ്പറേഷൻ (കെഎസി) നേടിയത്. ബോർഡ് ചെയർമാൻ അബ്ദുൽമുഹ്സിൻ അൽഫഗാനാണ് വ്യാഴാഴ്ച ഇക്കാര്യം അറിയിച്ചത്. കെഎസി ജനറൽ അസംബ്ലി യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിലാണ് അൽഫഗാൻ വിവരങ്ങൾ പങ്കുവെച്ചത്.
2023ൽ വിമാനസർവീസുകൾ 32,839 ആയി ഉയർന്നുവെന്നും 2022നെ അപേക്ഷിച്ച് 26 ശതമാനം വർധനവാണുണ്ടായതെന്നും അൽഫഗാൻ പറഞ്ഞു. കോർപ്പറേഷന് 2023ൽ രണ്ട് എ 320 നിയോ എയർബസ് വിമാനങ്ങൾ ലഭിച്ചുവെന്നും ഇതോടെ ഇത്തരം വിമാനങ്ങളുടെ എണ്ണം ഒമ്പതായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സൗദി, ഗ്രീക്ക്, തായ് എയർവേയ്സ് എന്നിവയുമായുള്ള കോഡ്ഷെയർ കരാറുകളിലൂടെ കെഎസിയുടെ വരുമാനം 7.8 മില്യൺ കുവൈത്ത് ദിനാറിൽ (ഏകദേശം 25.4 മില്യൺ യുഎസ് ഡോളർ) എത്തി, ഈ കരാറുകളിലൂടെയുള്ള ലക്ഷ്യസ്ഥാനങ്ങൾ 475 ആണെന്നും അദ്ദേഹം വ്യക്തമാക്കി.
2023 ൽ യാത്രക്കാരുടെ എണ്ണം 29 ശതമാനം വർധിച്ച് 4,550,858 ആയെന്നും സീറ്റ് ഒക്യുപ്പൻസി നിരക്ക് 71 ശതമാനത്തിലെത്തിയെന്നും പറഞ്ഞു. 2022 നെ അപേക്ഷിച്ച് രണ്ട് ശതമാനം വർധനവുണ്ടായതായും അൽഫഗാൻ ചൂണ്ടിക്കാട്ടി. കുവൈത്ത് എയർവേയ്സ് സീറ്റ് കപ്പാസിറ്റി 6,448,028 ആയി ഉയർന്നുവെന്നും ഇതോടെ 26 ശതമാനം വർധന നേടിയെന്നും പറഞ്ഞു. കൂടുതൽ വരുമാനത്തിനായി കോർപ്പറേഷനെ വികസിപ്പിക്കാനും പ്രവർത്തനം സജീവമാക്കാനും ഡയറക്ടർ ബോർഡ് ശ്രമിക്കുന്നതായി വ്യക്തമാക്കി.
Adjust Story Font
16