കുവൈത്തിൽ കൂട്ട വധശിക്ഷ നടപ്പാക്കിയ നടപടി; യൂറോപ്യൻ യൂണിയനെ വിമർശിച്ച് കുവൈത്ത്
കൂട്ട വധശിക്ഷയെ അതി രൂക്ഷമായി അപലപിച്ച് യൂറോപ്യൻ യൂണിയൻ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരുന്നു
കുവൈത്തിൽ ഏഴ് പേർക്ക് കൂട്ട വധശിക്ഷ നടപ്പിലാക്കിയ നടപടിയെ അപലപിച്ച യൂറോപ്യൻ യൂണിയനെ വിമർശിച്ച് കുവൈത്ത്. വിഷയത്തെ രാഷ്ട്രീയവൽക്കരിക്കുന്നതില്‍ നിന്നും യൂറോപ്യൻ രാജ്യങ്ങൾ വിട്ട് നില്‍ക്കണമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു.
കുവൈത്ത് ഒരു ജനാധിപത്യ രാഷ്ട്രമാണെന്നും കോടതി തീരുമാനങ്ങളില്‍ കൈകടത്താറില്ലെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി. അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് കുവൈത്തിൽ ഒരുമിച്ച് ഏഴ് പേരെ വധശിക്ഷക്ക് വിധേയമാക്കിയത്. കൂട്ട വധശിക്ഷയെ അതി രൂക്ഷമായി അപലപിച്ച് യൂറോപ്യൻ യൂണിയൻ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരുന്നു . എല്ലാ സാഹചര്യങ്ങളിലും വധശിക്ഷയെ യൂറോപ്യൻ യൂണിയൻ ശക്തമായി എതിർക്കുന്നുവെന്ന് യൂറോപ്യൻ യൂണിയൻ മനുഷ്യാവകാശ കമ്മീഷൻ വൈസ് പ്രസിഡന്റ് മാർഗരറ്റ് ഷിനാസ് പറഞ്ഞു. യൂറോപ്യൻ യൂണിയനും കുവൈത്തും തമ്മില്‍ അടുത്തയാഴ്ച നടക്കാനിരിക്കുന്ന മനുഷ്യാവകാശ ചർച്ചയിൽ ഈ വിഷയം ഉന്നയിക്കുമെന്ന് ഷിനാസ് വ്യക്തമാക്കി.
വിസ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്തിനെ ഉൾപ്പെടുത്താനുള്ള നീക്കങ്ങളെ പുതിയ സംഭവ വികാസങ്ങള്‍ ബാധിക്കുമെന്ന് യൂറോപ്യൻ യൂണിയൻ കുവൈത്ത് അംബാസഡർക്ക് മുന്നറിയിപ്പ് നൽകി. നേരത്തെ മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണലും വധശിക്ഷക്കെതിരെ രംഗത്ത് വന്നിരുന്നു. കൊലപാതകം പോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കുവൈത്ത് അധികാരികൾക്ക് ബാധ്യതയുണ്ടെങ്കിലും പ്രതികളെ അന്താരാഷ്ട്ര നിയമം അനുസരിച്ച് വിചാരണ ചെയ്യണമെന്ന് ആംനസ്റ്റി ഇന്റർനാഷണല്‍ കുവൈത്തിനോട് ആവശ്യപ്പെട്ടു.
Adjust Story Font
16