Quantcast

കുവൈത്ത് പാർലമെന്റ് പിരിച്ചു വിടുന്നു; പൊതു തെരഞ്ഞെടുപ്പിനൊരുങ്ങാൻ അമീറിന്റെ ആഹ്വാനം

ഗവൺമെൻറും പാർലമെന്റും തമ്മിലെ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് അമീറിന്റെ ഇടപെടൽ

MediaOne Logo

Web Desk

  • Published:

    22 Jun 2022 2:00 PM GMT

കുവൈത്ത് പാർലമെന്റ് പിരിച്ചു വിടുന്നു; പൊതു തെരഞ്ഞെടുപ്പിനൊരുങ്ങാൻ അമീറിന്റെ ആഹ്വാനം
X

കുവൈത്ത് പാർലമെന്റായ 'മജ്‌ലിസ് അൽ ഉമ്മ' പിരിച്ചു വിടുന്നു. പൊതു തെരഞ്ഞെടുപ്പിനൊരുങ്ങാൻ അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അസ്സ്വബാഹ് ആഹ്വാനം ചെയ്തു. ഗവൺമെൻറും പാർലമെന്റും തമ്മിലെ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് അമീറിന്റെ ഇടപെടൽ. ഇതോടെ രാജ്യം വീണ്ടും പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്.

പാർലമെന്റും ഗവൺമെൻറും തമ്മിലുള്ള ഭിന്നതകൾ ചർച്ചയിലൂടെ പരിഹരിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് സഭ പിരിച്ചുവിടാൻ തീരുമാനിച്ചത്. രാഷ്ട്രീയ സംഭവവികാസങ്ങളെ കുറിച്ച് രാജ്യത്തോട് സംസാരിക്കാൻ കിരീടാവകാശിയും ഡെപ്യൂട്ടി അമീറുമായ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനെ അദ്ദേഹം ചുമതലപ്പെടുത്തുകയും ചെയ്തു. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത കിരീടാവകാശിയാണ് അമീറിന്റെ തീരുമാനം പ്രഖ്യാപിച്ചത്. രാഷ്ട്രത്തിന്റെ സുസ്ഥിരതയും പുരോഗതിയും ലക്ഷ്യം വെച്ച് പാർലമെന്റ് പിരിച്ചുവിടാൻ അമീർ തീരുമാനിച്ചതായും ഇതുസംബന്ധിച്ച ഉത്തരവ് വരുന്ന മാസങ്ങളിൽ ഉണ്ടാകുമെന്നും ശൈഖ് മിശ്അൽ പറഞ്ഞു. കുവൈത്തിനെ ശരിയായ ജനാധിപത്യ പാതയിലേക്ക് തിരികെ കൊണ്ടുവരാൻ പാർലമെന്റിലേക്ക് ശരിയായ പ്രതിനിധികളെ തിരഞ്ഞെടുക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

കുവൈത്ത് മന്ത്രിസഭ രാജിവെച്ച് ഇപ്പോൾ കാവൽ മന്ത്രിസഭയാണ് തുടരുന്നത്. പാർലമെൻറുമായുള്ള പ്രശ്‌നങ്ങളാണ് മന്ത്രിസഭയുടെ രാജിയിലേക്ക് നയിച്ചത്. പാർലമെൻറുമായുള്ള ബന്ധം നന്നാക്കാനായി മന്ത്രിസഭ രാജിവെച്ച് പുനഃസംഘടിപ്പിച്ച ശേഷവും പ്രശ്‌നങ്ങൾ അവസാനിച്ചില്ല. 2020 നവംബറിലാണ് രാജ്യത്തു അവസാനമായി പൊതു തെരഞ്ഞെടുപ്പ് നടന്നത്. ഇതിനു ശേഷം മൂന്നു തവണ മന്ത്രിസഭ രാജിവെക്കേണ്ടി വന്നിരുന്നു. പാർലമെൻറും ഗവൺമെൻറും തമ്മിലുള്ള ബന്ധം നന്നാക്കുന്നതിനായി അമീറിന്റെ ആഭിമുഖ്യത്തിൽ ദേശീയ സംവാദം നടത്തിയിരുന്നു. അതിന് ശേഷവും പ്രശ്‌നങ്ങൾ അവസാനിച്ചില്ല. ഗവൺമെൻറും എം.പിമാരും ഒത്തുപോകാത്ത അവസ്ഥ തുടർന്നതോടെയാണ് ഭരണഘടന നൽകുന്ന പ്രത്യേക അധികാരം ഉപയോഗിച്ച് ദേശീയ താൽപ്പര്യം മുൻനിർത്തി അമീർ നാഷണൽ അസംബ്ലി പിരിച്ചു വിടാനുള്ള തീരുമാനം കൈക്കൊണ്ടത്.

Kuwait dissolves parliament

TAGS :

Next Story