2024ൽ കുവൈത്ത് സമ്പദ് വ്യവസ്ഥക്ക് 2.8% വളർച്ച, തിരിച്ചുവരവ്: ലോകബാങ്ക്
കുവൈത്തിന്റെ എണ്ണ ഉത്പാദനത്തിൽ 3.6 ശതമാനം വളർച്ചയും എണ്ണ ഇതര മേഖലയിൽ 2.1 ശതമാനം വളർച്ചയും ഈ വർഷം പ്രതീക്ഷിക്കുന്നതായി ലോകബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോർട്ട്
കുവൈത്ത് സിറ്റി: കുവൈത്തിന്റെ സാമ്പത്തിക വളർച്ചയിൽ ശക്തമായ തിരിച്ചുവരവ് ഉണ്ടാകുമെന്ന് ലോകബാങ്ക് പ്രവചനം. 2024ൽ 2.8 ശതമാനം വളർച്ച ഉണ്ടാകുമെന്നും ലോകബാങ്ക് നിരീക്ഷിച്ചു. വിപുലീകരണ ധനനയങ്ങൾ, എണ്ണ ഉത്പാദനം വർധിപ്പിക്കൽ, അൽ സൂർ റിഫൈനറി സമ്പൂർണ പ്രവർത്തനം തുടങ്ങിയതാണ് ഈ തിരിച്ചുവരവിന് കാരണം. ഇപ്പോൾ പ്രതിദിനം 615,000 ബാരൽ ശുദ്ധീകരണ ശേഷിയുള്ളതാണ് അൽ സൂർ റിഫൈനറി.
കുവൈത്തിന്റെ എണ്ണ ഉത്പാദനത്തിൽ 3.6 ശതമാനം വളർച്ചയും എണ്ണ ഇതര മേഖലയിൽ 2.1 ശതമാനം വളർച്ചയും ഈ വർഷം പ്രതീക്ഷിക്കുന്നതായാണ് ലോകബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, താരതമ്യേന ഉയർന്ന പലിശനിരക്ക് ആഭ്യന്തര ഉപഭോഗത്തെ നിയന്ത്രിക്കുമെന്നും അതുവഴി കുവൈത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങളുടെ മുഴുവൻ സാധ്യതകളെ പരിമിതപ്പെടുത്തുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. കൂടാതെ, നിലവിലുള്ള രാഷ്ട്രീയ അനിശ്ചിതത്വം പുതിയ അടിസ്ഥാന സൗകര്യ പദ്ധതികൾ വൈകിപ്പിക്കുകയും പരിഷ്‌കരണ സംരംഭങ്ങളുടെ വേഗത കുറയ്ക്കുകയും ചെയ്യുമെന്നും ചൂണ്ടിക്കാട്ടി.
2024ൽ സാമ്പത്തിക വളർച്ച 2.8 ശതമാനത്തിൽ എത്തുമെന്നും 2025ൽ 4.7 ശതമാനത്തിലേക്ക് എത്തുമെന്നും ലോകബാങ്ക് നിരീക്ഷിക്കുന്നു. എണ്ണ ഇതര സമ്പദ്വ്യവസ്ഥയുടെ സുസ്ഥിരത കൊണ്ടും വളർച്ച പ്രതീക്ഷിക്കുന്നു. ആഗോള സാമ്പത്തിക ഏറ്റക്കുറച്ചിലുകൾക്കിടയിൽ തങ്ങളുടെ സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനുള്ള ഗൾഫ് രാജ്യങ്ങളുടെ ശ്രമങ്ങളുടെ പ്രാധാന്യം റിപ്പോർട്ട് അടിവരയിട്ടു.
Adjust Story Font
16