Quantcast

കുവൈത്ത് തീപിടിത്തം: മൃതദേഹങ്ങൾ ഉടനടി നാട്ടിലേക്കയക്കാൻ സാധിച്ചതിന് കുവൈത്ത് അധികൃതർക്ക് നന്ദി പറഞ്ഞ് പ്രവാസികൾ

കുവൈത്ത് അമീറിന്റെ നിർദേശപ്രകാരം ആഭ്യന്തര, ആരോഗ്യ വകുപ്പ് മന്ത്രിമാരാണ് മുഴുവൻ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിച്ചത്

MediaOne Logo

Web Desk

  • Published:

    14 Jun 2024 6:04 PM GMT

Kuwait fire: Expatriates thank Kuwaiti authorities for prompt repatriation of bodies
X

കുവൈത്ത് സിറ്റി: മലയാളികൾ ഉൾപ്പെടെ തീപിടിത്തത്തിൽ മരിച്ച മുഴുവൻ ഇന്ത്യക്കാരുടെയും മൃതദേഹങ്ങൾ ഉടനടി നാട്ടിലേക്കയക്കാൻ സാധിച്ചതിന് കുവൈത്ത് അധികൃതർക്ക് നന്ദി പറഞ്ഞ് പ്രവാസികൾ. അസാധാരണ വേഗത്തിലായിരുന്നു മുഴുവൻ നടപടിക്രമങ്ങളും. കുവൈത്ത് അമീറിന്റെ നിർദേശപ്രകാരം ആഭ്യന്തര, ആരോഗ്യ വകുപ്പ് മന്ത്രിമാരാണ് മുഴുവൻ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിച്ചത്.

എംബാമിങ് നടപടികൾ പൂർത്തിയാക്കി മോർച്ചറിയിൽ നിന്നും മൃതദേഹങ്ങൾ ആംബുലൻസുകളിലേക്ക് കൈമാറുമ്പോൾ കണ്ണീരടക്കാൻ പാടുപെടുകയായിരുന്നു മരണപ്പെട്ടവരുടെ കുവൈത്തിലെ ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരും. ഒരേ കെട്ടിടത്തിൽ അത്യാഹിതനേരത്ത് ഭാഗ്യം കൊണ്ടു മാത്രം രക്ഷപ്പെട്ട സഹപ്രവർത്തകരും കരച്ചിലടക്കാൻ വല്ലാതെ പാടുപെട്ടു. പ്രിയപ്പെട്ടവർ ഇനിയില്ല എന്ന തിരിച്ചറിവിൽ പലരും വിങ്ങിപ്പൊട്ടി. ഇതിനിടയിലും മൃതദേഹങ്ങൾ ഉറ്റവരിലേക്ക് എളുപ്പം കൈമാറാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് കുവൈത്തിലെ സാമൂഹിക പ്രവർത്തകർ.

സാധാരണഗതിയിൽ ദിവസങ്ങൾ വേണ്ടിവരുന്ന പ്രക്രിയയാണിത്. പെരുന്നാൾ അവധിക്കു തൊട്ടുമുമ്പു സംഭവിച്ചതാണ് അത്യാഹിതം. അതുകൊണ്ടുതന്നെ മൃതദേഹങ്ങൾ കൈമാറുന്നതിന് ദിവസങ്ങൾ തന്നെയെടുത്തേക്കുമെന്ന ആശങ്കയിലായിരുന്നു പലരും. തീപിടിത്തത്തിൽ വെന്തുമരിച്ചവരെ തിരിച്ചറിയാൻ വൈകിയേക്കുമെന്ന ആധി വേറെയും. എന്നാൽ മൃതദേഹങ്ങൾ നാട്ടിലേക്കയക്കുന്നതിന് അതൊന്നും തടസമാകരുതെന്ന കുവൈത്ത് അമീറിന്റെ പ്രഖ്യാപനം വന്നതോടെ എല്ലാ നടപടികളും ശരവേഗതയിലായിരുന്നു. കൂടുതൽ ജീവനക്കാരെ നിയമിച്ചാണ് ഏതാനും മണിക്കൂറുകൾ കൊണ്ട് മുഴുവൻ പേരുടെയും എംബാമിങ് നടപടി ദജീജ് മോർച്ചറിയിൽ പൂർത്തിയാക്കിയത്.

അത്യാഹിതം സംഭവിച്ചതു മുതൽ എല്ലായിടങ്ങളിലും ഓടിയെത്തി രക്ഷാപ്രവർത്തനം മുതൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിൽ വരെ മുന്നിൽ നിന്നത് രണ്ടു പേരാണ്. കുവൈത്ത് ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസുഫ് അൽ സബാഹും ആരോഗ്യ മന്ത്രി ഡോ. അഹ്‌മദ് അബ്ദുൽ വഹാബ് അൽ അവാദിയുമാണത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് നേരത്തെ കുവൈത്തിൽ എത്തിച്ചേർന്നതും മികച്ച ഏകോപനം സാധ്യമാക്കിയ ഘടകമാണ്. കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ആദർശ് സൈ്വകയും ഉദ്യോഗസ്ഥരും നടത്തിയ കഠിനാധ്വാനവും ചെറുതല്ല. അകാലത്തിൽ പൊലിഞ്ഞ മനുഷ്യരുടെ നാട്ടിലേക്കുള്ള യാത്ര എളുപ്പമാക്കാൻ യത്‌നിച്ച മുഴുവൻ പേർക്കും നിശബ്ദമായി നന്ദിയോതുകയാണ് കുവൈത്തിലെ മലയാളി പ്രവാസികൾ.


TAGS :

Next Story